കൊല്ലം: ശുഭകരമായ കാര്യങ്ങൾക്ക് വെറ്റില ഉപയോഗിക്കുമ്പോഴും വെറ്റില കർഷകരുടെ ജീവിതം ഒട്ടും ശുഭകരമല്ല. വിയർപ്പൊഴുക്കി വെറ്റില കൃഷി ചെയ്യുന്ന കർഷകർ ഈ രംഗം ഉപേക്ഷിക്കാൻ ആലോചിക്കുകയാണ്. കൃഷി സജീവമാകുമ്പോൾ വെറ്റിലയുടെ വില കുത്തനെ ഇടിയുന്നതാണ് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നത്. നേരത്തെ ഒരു കെട്ട് വെറ്റിലക്ക് 120-140 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 40-50 രൂപയാണ് ലഭിക്കുന്നതെന്ന് കൊല്ലം നൂറനാട് പള്ളിക്കൽ സ്വദേശികളായ വെറ്റില കർഷക ദമ്പതികളായ പള്ളിക്കൽ സുരേന്ദ്രനും സുമതിയും പറയുന്നു. പ്രളയ സമയത്ത് 300-320 രൂപ വരെ വെറ്റിലക്ക് ലഭിച്ചിരുന്നതായും അവർ ഓർക്കുന്നു. ഒരു വർഷം മുമ്പ് കർഷകന് ഒരു കെട്ട് വെറ്റിലക്ക് 210 രൂപ മുതൽ 250 രൂപ വരെ ലഭിച്ചിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വെറ്റില കൂടുതലായി എത്തുന്നതും കർഷകർക്ക് ഇരുട്ടടിയായി. കൂടാതെ ഇടനിലക്കാരുടെ കടുത്ത ചൂഷണവും കർഷകർക്ക് വില ലഭിക്കാതിരിക്കാൻ കാരണമായി.
ഉയർന്ന പരിപാലനവും വിളവെടുപ്പ് ചെലവും
വെറ്റിലക്കൃഷി പരിപാലനവും വിളവെടുപ്പും ഏറെ ശ്രമകരമാണ്. താങ്ങുകയറുകളിൽനിന്ന് പറ്റുവേരുകൾ വിട്ട് കൊടിത്തല മറിഞ്ഞുപോകാതെ നോക്കാൻ അനുദിന പരിചരണം അത്യാവശ്യം. നിത്യേനയെന്നോണം ജലസേചനം വേണം. വിളവെടുപ്പിനും വേണം ഏറെ ക്ഷമയോടെയുള്ള പ്രവർത്തനം.വിളവെടുത്ത് അടുക്കി ചന്തയിൽ എത്തിക്കണമെങ്കിൽ നാലുപേരുടെ സഹായം വേണം. ഉയർന്ന ജോലി കൂലി കാരണം കുടുംബാംഗങ്ങളെയും സഹായികളാക്കിയാണ് മിക്ക കർഷകരും കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്.
കീടബാധയും പ്രതിസന്ധി
പലതരത്തിലുള്ള രോഗ കീട ബാധകൾ മൂലം വെറ്റില ഉത്പാദനം കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. മഞ്ഞളിപ്പ്, തണ്ടുചീയൽ പോലെ പലതരത്തിലുള്ള വൈറസ് ബാധകളാണു കൃഷിയെ ബാധിക്കുന്നത്. വെറ്റില മുറുക്കിനും മരുന്നായും ഉപയോഗിക്കുന്നതിനാൽ വെറ്റിലക്കൃഷിയിൽ കീടനാശിനികൾ പലതും ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് ഫലപ്രദമായ കീട, രോഗ നിയന്ത്രണം സാദ്ധ്യവുമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |