മുംബയ്: കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന തലവൻ ഉദ്ധവ് താക്കറെ. സവർക്കരെ ബഹുമാനിക്കാത്ത മണി ശങ്കർ അയ്യരെ ചെറുപ്പൂരി അടിക്കണമെന്ന് താക്കറെ പറഞ്ഞു. 2018ൽ മണിശങ്കർ അയ്യർ സവര്‍ക്കറെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് താക്കറെയുടെ പ്രതികരണം. ഹിന്ദുത്വ എന്ന വാക്കിന്റെ പിതാവ് സവർക്കർ ആണെന്നും രാജ്യത്തെ രണ്ടായി വിഭജിക്കുക എന്ന ആശയം മുഹമ്മദ് അലി ജിന്നയുടേതല്ല സവർക്കറുടേതാണെന്നുമാണ് മണി ശങ്കർ അയ്യർ അന്ന് പറഞ്ഞത്. സവർക്കറെ കുറിച്ചുളള പുസ്തകത്തിന്റെ പ്രകാശന പരിപാടിയിലാണ് താക്കറെ മണി ശങ്കർ അയ്യർക്കെതിരെ രംഗത്തെത്തിയത്.
സവർക്കർ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാകിസ്ഥാൻ എന്ന രാജ്യം ഉണ്ടാകുമായിരുന്നില്ല. ഡൽഹി യൂണിവേഴ്സിറ്റി ക്യാമ്പസിൽ സവർക്കറുടെ പ്രതിമ തകർത്തവരെ പൊതുമധ്യത്തിൽ കൈകാര്യം ചെയ്യണമെന്നും അവർക്ക് സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഹിന്ദുത്വ ആശയം മുന്നോട്ട് വെയ്ക്കുന്ന സർക്കാരാണ് നമ്മുടെ ഇപ്പോഴുളള സർക്കാർ. അതിനാൽ സവർക്കർക്ക് ഭാരതരത്നം നൽകണമെന്ന് താക്കറെ ആവശ്യപ്പെട്ടു.
നെഹ്റുവും ഗാന്ധിയും ഇന്ത്യയ്ക്ക് നിരവധി സംഭാവന നൽകി എന്നത് അംഗീകരിക്കുന്നു. എന്നാൽ അതിനർത്ഥം ഇവിടെ രണ്ട് കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുവെന്നും മറ്റുളളർ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഒന്നിനും കൊള്ളാത്തവനാണെന്നും താക്കറെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |