കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ പഞ്ചവടിപ്പാലമാണോയെന്ന് ചോദിച്ച ഹൈക്കോടതി, ഇൗ കേസിൽ അന്വേഷണ വിവരങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ വിജിലൻസിനോട് നിർദ്ദേശിച്ചു.
ഫ്ളൈഒാവർ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതികളായ സുമീത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
കേസിൽ കൂടുതൽ പ്രതികളും അറസ്റ്റും ഉണ്ടാകുമെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ വിജിലൻസ് വിശദീകരിച്ചു. ഫ്ളൈഒാവർ നിർമ്മാണത്തിന് മേൽനോട്ടമുണ്ടായിരുന്നോയെന്ന് വാക്കാൽ ചോദിച്ച കോടതി, ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും പറഞ്ഞു. അന്വേഷണം എന്തായെന്ന കോടതിയുടെ ചോദ്യത്തിന് പുരോഗമിക്കുകയാണെന്ന് വിജിലൻസ് മറുപടി നൽകി. തുടർന്നാണ് അന്വേഷണത്തിന്റെ സ്ഥിതി, കണ്ടെത്തിയ വിവരങ്ങൾ, പ്രതികളുടെ പങ്കാളിത്തം എന്നിവ വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്. ഹർജികൾ 24 ന് വീണ്ടും പരിഗണിക്കും.
ആഗസ്റ്റ് 30 ന് അറസ്റ്റിലായ തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നെന്നും ഇനി ജയിലിൽ കഴിയേണ്ട സാഹചര്യമില്ലെന്നും പ്രതികൾ വാദിച്ചു. ഫ്ളൈഒാവർ നിർമ്മാണത്തിനായി മുൻകൂർ തുക നൽകിയെന്നതാണ് സൂരജിനെതിരെയുള്ള ആരോപണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. പണം നൽകാൻ സർക്കാരാണ് തീരുമാനിച്ചത്. സൂരജ് ഉപകരണം മാത്രമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്തിനാണ് പരസ്പരം പഴിചാരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് , കുറ്റപ്പെടുത്തിയതല്ലെന്നും സർക്കാർ പദവിയിൽ ഇരുന്ന് സർക്കാരിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും സൂരജിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഫ്ളൈഒാവർ പൊളിച്ചുപണിയാൻ തീരുമാനിച്ചെന്നും പൊതുജീവിതം അപകടത്തിലാക്കുകയാണ് പ്രതികൾ ചെയ്തതെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി. പ്രതികളുടെ പ്രവൃത്തി കൊണ്ട് പാലം പൊളിക്കേണ്ടി വന്നെന്നും വിജിലൻസ് വ്യക്തമാക്കി.
പഞ്ചവടിപ്പാലം
ഹാസ്യ സാഹിത്യകാരനായിരുന്ന വേളൂർ കൃഷ്‌ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കി കെ.ജി. ജോർജ് സംവിധാനം ചെയ്ത സിനിമയാണ് പഞ്ചവടിപ്പാലം. രാഷ്ട്രീയക്കാരുടെ അഴിമതിയെ പരിഹസിക്കുന്ന, 1984 ൽ പുറത്തിറങ്ങിയ ഇൗ ചിത്രത്തിൽ ഭരത് ഗോപി, നെടുമുടി വേണു, തിലകൻ തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |