തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ അലോട്ട്മെന്റ് നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 24,999 മെരിറ്റ് സീറ്റ്. കൊല്ലത്താണ് കൂടുതൽ സീറ്റുകൾ ഒഴിവുള്ളത് - 3,082. മലപ്പുറത്ത് 894 സീറ്റുകൾ ശേഷിക്കുന്നുണ്ട്. ജില്ലയ്ക്കുള്ളിലോ മറ്റു ജില്ലകളിലേക്കോ സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിന് 21ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിൽ മെരിറ്റ്ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽപ്പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മറ്റൊരു ജില്ലയിൽ പോയവർക്ക് തിരിച്ച് ജില്ലയിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാനാവില്ല.
മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ച അപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല. മുൻഗണനാക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. സ്കൂൾമാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേക്ക് മാറണം.
ഒഴിവുകൾ ജില്ല തിരിച്ച്
തിരുവനന്തപുരം - 2,746, കൊല്ലം - 3,082, പത്തനംതിട്ട- 2,946, ആലപ്പുഴ - 2,840
കോട്ടയം- 2,242, ഇടുക്കി - 1,312, എറണാകുളം -2,533, തൃശൂർ- 2,092, പാലക്കാട് - 567,
കോഴിക്കോട് - 650, മലപ്പുറം - 894, വയനാട് - 604, കണ്ണൂർ -1,330, കാസർകോട് - 1,161
ആകെ - 24,999
സേ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം results.hse.kerala.gov.inൽ.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാർത്ഥി രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് 22 നകം സമർപ്പിക്കണം. ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള അപേക്ഷയും 22 നുള്ളിൽ പരീക്ഷാ ആഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in ൽ. ഇരട്ടമൂല്യനിർണയം കഴിഞ്ഞ വിഷയങ്ങൾക്ക് പുനർമൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവ ഉണ്ടായിരിക്കില്ല.
സ്കൂൾ അദ്ധ്യാപകർക്ക് കൗൺസലിംഗ് നൽകും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് കൗൺസലിംഗ് പരിശീലനം നൽകും. കുട്ടികളുടെ മാനസികസമ്മർദ്ദങ്ങളും പ്രശ്നങ്ങളും കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കാൻ അദ്ധ്യാപകരെ പ്രൈമറി കൗൺസലേഴ്സായി പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എൺപതിനായിരം അദ്ധ്യാപകർക്ക് കൗൺസലിംഗ് നൽകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റിൽ ആരംഭിക്കുന്ന പരിശീലനം ഏഴ് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
തസ്തികനിർണയം ആറാം
പ്രവൃത്തിദിന കണക്കിന്റെ
അടിസ്ഥാനത്തിൽ
തിരുവനന്തപുരം : സ്കൂൾ തസ്തിക നിർണയം, നിലവിലെ നിയമപ്രകാരം ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് മുൻ വർഷങ്ങളിലേത് പോലെ യുഐഡി (ആധാർ രേഖ) ഉള്ള കുട്ടികളെയാണ് തസ്തിക നിർണയത്തിനു പരിഗണിച്ചത്. ഇക്കാര്യം വ്യക്തമാക്കി നേരത്തെതന്നെ സർക്കുലർ ഇറങ്ങിയതാണ്.
ആറാം പ്രവൃത്തിദിനമായ ജൂൺ പത്തിന് സമർപ്പിച്ച യുഐഡിയിൽ 30,000 പേർക്ക് പേരിലുൾപ്പെടെ തെറ്റുണ്ടായിരുന്നു. ചെറിയ തെറ്റുകൾ വന്നവരെ പോലും കൈറ്റിന്റെ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇവർക്ക് ആധാറിലെ പിഴവുകൾ തിരുത്താൻ കഴിഞ്ഞ 21 വരെ സമയം നൽകി. ഭൂരിഭാഗം പേരും ഇത് പ്രയോജനപ്പെടുത്തി.
ആറാം പ്രവൃത്തി ദിനം കഴിഞ്ഞു സമർപ്പിക്കുന്ന യുഐഡികൾ തസ്തിക നിർണയത്തിന് പരിഗണിക്കണമെങ്കിൽ ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നും എസ്. ഷാനവാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |