പാലക്കാട്: മോട്ടോർ വാഹന ചെക്‌പോസ്റ്റുകൾ അഴിമതിരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനാതിർത്തികളിൽ 'വെർച്വൽ ചെക്പോസ്റ്റ്' പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഏറ്റവുംകൂടുതൽ ചരക്കുനീക്കം നടക്കുന്ന വാളയാറിലാണ് തുടക്കം. സാമ്പത്തിക അനുമതി ലഭിച്ചാൽ അന്തിമ തീരുമാനമാകും.
വാഹനം കടന്നുപോകുമ്പോൾ സ്‌കാനറും എ.ഐ കാമറകളും ചരക്കു സാധനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. ഒരിടത്തും നിറുത്തിയിടേണ്ടിവരില്ല. ജി.എസ്.ടി ബില്ലുകളും പരിശോധനയ്ക്കു വിധേയമാക്കും.
ഇവ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ സർവേ നടപടികൾ ആരംഭിച്ചു. ഓട്ടമാറ്റിക് സെൻസറോടെയുള്ള ഇ-വേബ്രിഡ്ജും ഒരുക്കും. ഒരു ചെക്‌പോസ്റ്റിൽ മാത്രം പത്തോളം കാമറകളും സ്‌കാനറുകളും സ്ഥാപിക്കും.
ജില്ലയിൽ എട്ട് ചെക്‌പോസ്റ്റുകളുണ്ടെങ്കിലും
വാളയാർ ഇൻ, വാളയാർ ഔട്ട് റോഡുകളിലാണ് ആദ്യം ഏർപ്പെടുത്തുന്നത്.
പിന്നാലെ വേലന്താവളം, നടുപ്പുണി, ഒഴലപ്പതി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളിലും അതിർത്തിയിലെ ഊടുവഴികളിലും കാമറകളൊരുക്കും.
ചരക്കു സേവനനികുതി വകുപ്പിന്റെ കാമറകളുമായും മോട്ടർ വാഹന വകുപ്പിന്റെ 'എം പരിവാഹൻ' ഓൺലൈൻ സംവിധാനവുമായും ബന്ധിപ്പിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ഒരുക്കും. നിലവിൽ പെർമിറ്റ് നടപടികൾ ഉൾപ്പെടെ ഓൺലൈനാക്കിയിട്ടുണ്ട്. അതിനാൽ വാഹനങ്ങൾ നിറുത്താതെ തന്നെ 'വെർച്വൽ ചെക്‌പോസ്റ്റ്' വഴി അതിർത്തി കടക്കാം.
ക്രമക്കേട് ഉടനടി പിടികൂടും
#ചരക്കു വാഹനങ്ങൾ അതിർത്തി കടക്കുമ്പോൾത്തന്നെ ക്രമക്കേടുകൾ ഉണ്ടെങ്കിൽ കണ്ടെത്തും. ഉടൻ തന്നെ വാഹന ഉടമയ്ക്കു സന്ദേശമായി ലഭിക്കും. ഓൺലൈനായി നോട്ടീസും കൈമാറും. നിശ്ചിത ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ നടപടിയെടുക്കും.
#നികുതി, ഇൻഷ്വറൻസ്, പുക സർട്ടിഫിക്കറ്റ്, അധികഭാരം, വാഹനങ്ങളുടെ ക്രമവിരുദ്ധമായ രൂപമാറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ വാഹനം ചെക്‌പോസ്റ്റ് കടക്കുന്ന സമയത്തുതന്നെ ഉടമയുടെ മൊബൈൽ നമ്പറിലേക്ക് വിവരങ്ങൾ കൈമാറാൻ സംവിധാനമുണ്ടാകും. പിഴ ഓൺലൈനായി അടയ്ക്കാം.
#എ.ഐ കാമറകളും സ്‌കാനറുകളും വഴി ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് ആർ.ടി.ഒാഫീസിലെത്തും. ഇവ വിശകലനം നടത്താനും പരാതികൾ പരിശോധിക്കാനും ജില്ലാതലത്തിൽ സംവിധാനമൊരുക്കും. പിഴയടയ്ക്കാതെ കരിമ്പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങളെ പിടികൂടാനും ഓൺലൈനായി പിഴയീടാക്കാനും സംവിധാനമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |