ആഗ്ര: ഭീകര സംഘടനയായ ഐസിസിന്റെ മാതൃകയിൽ പെൺകുട്ടികളെ ലക്ഷ്യം വച്ച് മതപരിവർത്തനം നടത്തുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യം വയ്ക്കുന്ന സംഘം തീവ്രവാദ ആശയങ്ങൾ അടിച്ചേൽപ്പിച്ചാണ് മതപരിവർത്തം നടത്തുന്നതെന്ന് പൊലീസ് പറയുന്നു. ആഗ്രയിലെ സദാർ ബസാർ പൊലീസ് സ്റ്റേഷനിൽ സഹോദരികളായ രണ്ട് പെൺകുട്ടികളെ കാൺമാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെയാണ് മതപരിവർത്തന സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്.
യുഎഇ, കാനഡ, ലണ്ടൻ, യുഎസ് എന്നിവിടങ്ങളിലൂടെ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ധനസഹായം നൽകുന്നതായി സംശയിക്കുന്ന ഒരു ശൃംഖലയിലേക്കുള്ള ബന്ധം ഈ അന്വേഷണത്തിൽ കണ്ടെത്തി.
പൊലീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇത്തരം സിൻഡിക്കേറ്റ് ഹിന്ദു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. യൂട്യൂബ് ചാനലിലൂടെയും ഓൺലൈൻ സെഷനിലൂടെയുമുള്ള ഇസ്ലാമിക പ്രബോധനം നടത്തിയാണ് സംഘം മതപരിവർത്തനം നടത്തുന്നത്. ഇങ്ങനെ വശീകരിക്കുന്ന പെൺകുട്ടികളെ വ്യാജ ഐഡന്റിറ്റിയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തും.
ആഗ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാണാതായ പെൺകുട്ടികളിൽ മൂത്ത സഹോദരി സുവോളജിയിൽ എം. ഫിൽ ബിരുദധാരിയായിരുന്നു. ആഗ്രയിൽ നടന്ന ഒരു കോച്ചിംഗ് ക്ലാസിനിടെ ഈ പെൺകുട്ടി സൈമ എന്ന കാശ്മീരി സ്ത്രീയെ പരിചയപ്പെട്ടു. 2021ൽ സൈമയോടൊപ്പം പെൺകുട്ടി കാശ്മീർ സന്ദർശിച്ചു. ഇതിന് ശേഷമാണ് മതപരിവർത്തനം നടത്തിയത്. ശേഷം കുടുംബം കണ്ടെത്തി വീട്ടിൽ തിരിച്ചെത്തിച്ചെങ്കിലും 2025 മാർച്ചിൽ 19കാരിയായ സഹോദരിയുമായി വീണ്ടും അപ്രത്യക്ഷമായി. ഇവരെ പിന്നീട് കൊൽക്കത്തയിൽ വച്ചാണ് കണ്ടെത്തിയത്.
മൂത്ത മകളെ ആദ്യം കാണാതായ സമയത്ത്, അവൾ ഹിന്ദു ആചാരങ്ങളോട് ശത്രുത പുലർത്തുകയും വർഷങ്ങളായി പാലിച്ചുപോകുന്ന ആചാരങ്ങൾ ഉപേക്ഷിക്കുകയും ചെയ്‌തെന്ന് കുടുംബം പറയുന്നു. ഈ സമയത്താണ് പർദയും ഹിജാബും ധരിക്കണമെന്ന് വാദിക്കുകയും ചെയ്തത്. വീട്ടിൽ രണ്ട് പെൺകുട്ടികളും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മൂത്ത കുട്ടിയുടെ സ്വാധീനത്തിൽ ഇളയകുട്ടി ഇരയായെന്നും കുടുംബം ആരോപിക്കുന്നു. 18 വയസ് പൂർത്തിയായാകുന്നതോടെ ഈ സംഘം ഇളയമകളെ ലക്ഷ്യം വയ്ക്കുമെന്ന ഭയവും കുടുംബത്തിനുണ്ട്.
'സൈമയെ പരിചയപ്പെട്ടതോടെയാണ് മകളുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായത്. അവൾ ഇസ്ലാം മതത്തിന് വേണ്ടി വാദിക്കുകയാണ് ഇപ്പോൾ. കാശ്മീരിൽ പോയി വന്നതിന് ശേഷം മകൾ നിസ്‌കാരം ചെയ്യാൻ ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ രണ്ട് പെൺകുട്ടികളെയും കാണാതായി. അന്വേഷിച്ചപ്പോൾ അവരെ കണ്ടെത്തിയത് കൊൽക്കത്തയിൽ നിന്ന്. എന്റെ പെൺമക്കളെ ഇസ്ലാമിലേക്ക് മതം മാറ്റി നിക്കാഹ് വഴി വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു ഈ സിൻഡിക്കേറ്റിന്റെ വ്യക്തമായ ലക്ഷ്യം'- മാതാപിതാക്കൾ ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.
സംഘത്തിന്റെ പ്രവർത്തന രീതി
മതപരിവർത്തനം ലക്ഷ്യമിടുന്ന ഈ സംഘത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് ലഷ്‌കർ-ഇ-ത്വയ്ബയാണ്. അന്താരാഷ്ട്ര ചാനൽ വഴിയാണ് ഇത് ലഭ്യമാകുന്നത്. ഗോവയിലെ ആയിഷ എന്ന എസ്ബി കൃഷ്ണയാണ് ഇവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കുന്നു. കാനഡ ആസ്ഥാനമായുള്ള സയ്യിദ് ദാവൂദ് അഹമ്മദിൽ നിന്ന് പണം സ്വീകരിച്ച് ഇന്ത്യയിൽ വിതരണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.
കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആയിഷയുടെ ഭർത്താവ് ശേഖർ റായ് എന്ന ഹസൻ അലിയാണ് ഇവരുടെ നിയമ ഉപദേശകൻ. മതപരിവർത്തനത്തിന് ആവശ്യമായ രേഖകൾ തയ്യാറാക്കുന്നത് ഇയാളാണ്. ആഗ്രയിലെ അബ്ദുൾ റഹ്മാൻ ഖുറേഷി, കൊൽക്കത്തയിലെ ഒസാമ തുടങ്ങിയ പ്രധാനികളാണ് തീവ്രവാദപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. 'ദി സുന്നത്ത് ചാനൽ' എന്ന യൂട്യൂബ് ചാനൽ വഴി തീവ്രവാദ പ്രത്യയശാസ്ത്രം പ്രസംഗിച്ചുകൊണ്ട് ഖുറേഷിയാണ് പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഡൽഹി ആസ്ഥാനമായുള്ള മുസ്തഫ എന്ന മനോജാണ് വ്യാജ രേഖകൾ ചമച്ച് പെൺകുട്ടികൾക്ക് പുതിയ ഫോണുകളും വ്യാജ സിം കാർഡുകളും നൽകുന്നത്. തീവ്രവാദത്തിലേക്ക് നീങ്ങുന്ന പെൺകുട്ടികളെ കണ്ടെത്താതിരിക്കാൻ പെൺകുട്ടികളെ രഹസ്യമായി ബസിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകും.
അറസ്റ്റിലായത് നിരവധി പേർ
സംഭവത്തിൽ ആഗ്ര പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ അബ്ദുൾ ഖുറേഷി നാട്ടിലെ ഒരു ചെരുപ്പുകടയിൽ ജോലി ചെയ്യുന്ന ആളാണ്. ഇയാൾ പൊതുവെ ആരോടും അധികം സംസാരിക്കാറില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. അബ്ദുൾ ഖുറേഷിക്ക് മേൽ ആരോപിക്കപ്പെടുന്ന പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾക്ക് ഒരു ധാരണയുമില്ലെന്നും അപൂർവ്വമായി മാത്രമേ പുറത്തിറങ്ങാറുള്ളൂവെന്നും മാതാപിതാക്കൾ അവകാശപ്പെടുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട മകൻ എങ്ങനെ ഇംഗ്ലീഷിൽ ഒരു യൂട്യൂബ് ചാനൽ നടത്തിക്കൊണ്ടുപോകുമെന്നും അവർ ചോദിക്കുന്നു. ജൂലായ് 17ന് ആണ് മകനെ അറസ്റ്റ് ചെയ്തതെന്നും ഏതൊക്കെ വകുപ്പുകൾ ചുമത്തിയെന്ന കാര്യം അറിയില്ലെന്നും അബ്ദുൾ ഖുറേഷിയുടെ പിതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |