തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെയും എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ തോമസ് കെ. തോമസിനെയും അജിത് പവാർ പക്ഷം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ, ഇരുവരും ഇന്നലെ ഡൽഹിയിൽ പവാർ പക്ഷം ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പി.സി. ചാക്കോയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ദേശീയ നേതാക്കളുമായി ശശീന്ദ്രനും ചാക്കോയും ചർച്ച നടത്തി.
പാർട്ടി തർക്കത്തിൽ നിയമോപദേശം തേടിയശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കേരളത്തിലെ ശരദ് പവാർ പക്ഷത്തിന്റെ നീക്കം. പ്രഫുൽ പട്ടേലിന്റെ നടപടിയെ അവഗണിക്കാൻ പവാർ നിർദ്ദേശിച്ചു. എൻ.സി.പി ഭരണഘടന പ്രകാരം വർക്കിംഗ് പ്രസിഡന്റ് പദവിയില്ല. മന്ത്രി സ്ഥാനത്തു നിന്നുള്ള തന്റെ രാജി അസംഭവ്യമാണെന്നും നോട്ടീസ് അയച്ചവരുടെ സ്വപ്നം മാത്രമാണതെന്നും ശശീന്ദ്രൻ പ്രതികരിച്ചു. വിഷയം നിയമപരമായി നേരിടുമെന്ന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ തോമസ് കെ.തോമസ് കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |