കേരളത്തിന്റെ വികാരമായ ജനനേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. ജീവിതത്തിൽ എന്നും വിശ്വസിക്കാമെന്ന് മലയാളി ഉറപ്പിച്ച വാക്കായിരുന്നു വി.എസിന്റേത്. ആരോഗ്യപ്രശ്നങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് സമീപകാലത്ത് മാറിനിന്നതൊഴിച്ചാൽ കാലങ്ങളായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ജ്വലിച്ചുനിന്ന രക്തതാരകമായിരുന്നു വി.എസ്.
ഹൃദയത്തിൽ പ്രതിഷ്ഠിച്ച നേതാവായിരുന്നതിനാലാണ് അരികിലെത്തുമ്പോഴെല്ലാം 'കണ്ണേ, കരളേ വി.എസേ"യെന്ന് ജനം ആർത്തുവിളിച്ചത്.
നാടിന്റെ സാമൂഹ്യ, രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴൊക്കെ വി.എസ് എന്തുപറയുന്നു എന്നറിയാൻ കേരളം കാതോർത്തിരുന്നിട്ടുണ്ട്. അത്രയും പ്രിയപ്പെട്ട നേതാവ് വിടപറയുമ്പോൾ മലയാള മനഃസാക്ഷി എന്തുചെയ്യണമെന്ന് അറിയാത്തവിധം ദുഃഖത്തിലാണ്ടുപോകുന്നു. ഇനി ഇങ്ങനെയൊരാൾ ഇല്ലല്ലോ എന്നോർത്ത് കേരളം കണ്ണീർ വാർക്കുന്നു. വി.എസിന് പകരം ഇനി ഒരു വി.എസില്ലെന്ന സത്യം ഓരോ മലയാളിയേയും വേദനിപ്പിക്കുന്നു. നന്മയുടെ പകൽ അസ്തമിക്കരുതെന്ന് ആഗ്രഹിക്കുന്ന ഏതൊരു സത്യാന്വേഷിയേയും കടുത്ത നിരാശയിലാഴ്ത്തുന്നതാണ് ഈ വേർപാട്.
നാലാം വയസിൽ അമ്മയേയും പതിനൊന്നാം വയസിൽ അച്ഛനേയും നഷ്ടപ്പെട്ട വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്.അച്യുതാനന്ദന് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പ് നൽകിയത് പി. കൃഷ്ണപിള്ളയായിരുന്നു. ജ്യേഷ്ഠനെ ജൗളിക്കടയിൽ
സഹായിച്ചിരുന്ന ആ കൗമാരക്കാരൻ ആലപ്പുഴയിലെ ആസ്പിൻവാൾ കമ്പനിയിൽ നെയ്ത്തുതൊഴിലാളിയായി ജോലിചെയ്യുമ്പോഴാണ് ജന്മിവാഴ്ചയും ദിവാൻഭരണവും നാട്ടിൽ വരുത്തുന്ന കൊടിയ ക്രൂരതയുടെ കഥകൾ കേൾക്കുന്നത്. പിന്നീടൊന്നും
ആലോചിച്ചില്ല അതിനെതിരായ അതിസാഹസികവും അപകടകരവുമായ പോരാട്ടത്തിൽ പങ്കുചേരാൻ . ഭരണകൂടത്തിന്റെ
കാട്ടുനീതിയിൽ അനീതിയും അസമത്വവും കൊടികുത്തിവാണ കാലമായിരുന്നു അത്. നിന്ദിതരും പീഡിതരും നിരാലംബരുമായ തൊഴിലാളികൾക്കായി പൊരുതാൻ ഇറങ്ങിത്തിരിച്ച വി.എസ് എന്ന യുവപോരാളിയുടെ ഊർജ്ജസ്വലമായ പ്രവർത്തനം കണ്ട കൃഷ്ണപിള്ള, പതിനെട്ട് വയസ് തികയുന്നതിന് ഒരു വർഷം മുമ്പു തന്നെ വി.എസിനെ പാർട്ടിയിൽ അംഗമാക്കുകയായിരുന്നു. കൊടിയ മർദ്ദനവും ജയിൽവാസവും അനുഭവിച്ചെന്നു മാത്രമല്ല പാർട്ടി രഹസ്യങ്ങൾ പറയാത്തതിനാൽ പൊലീസ്
വി.എസിന്റെ കാൽവെള്ളയിൽ ബയണറ്റ് കുത്തിക്കയറ്റുക പോലും ചെയ്തിട്ടുണ്ട്.
ത്യാഗനിർഭരമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാലമായിരുന്നു അത്. മാറിയുടുക്കാൻ മറ്റൊന്നില്ലാതെ ആറ്റുതീരത്ത് ഉടുതുണി കഴുകി ഉണക്കി ഉള്ളിൽ പട്ടിണിയുമായി കാതങ്ങളോളം സഞ്ചരിച്ചാണ് വി.എസിനെപ്പോലുള്ള നേതാക്കൾ ഇന്നു കാണുന്ന പ്രസ്ഥാനം വളർത്തിയെടുത്തത്. ആ കാലഘട്ടത്തിലെ അവസാന കണ്ണികളിലൊരാളെയാണ് വി.എസിന്റെ വിയോഗത്തിലൂടെ
നഷ്ടമാകുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നിന്ന് വേർപെടുത്തിക്കാണാനാവുന്നതല്ല വി.എസിന്റെ
ജീവിതം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി 1964-ൽ പിളർന്നപ്പോൾ സി.പി.എം രൂപീകരിക്കാനായി സി.പി.ഐ കേന്ദ്ര കമ്മിറ്റിയിൽ
നിന്നിറങ്ങിവന്ന 32 പേരിൽ ഒരാളായിരുന്നു വി.എസ്. അദ്ദേഹം കൂടി വിടപറയുന്നതോടെ സി.പി.എമ്മിനു രൂപം നല്കിയ കേന്ദ്രനേതാക്കളിൽ ആരും ഇനി അവശേഷിക്കുന്നില്ല.
ഏഴാം ക്ളാസ് വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസമേ വി.എസ് നേടിയിരുന്നുള്ളൂ. എന്നാൽ തൊഴിലാളികളോട് ഏതു ഭാഷയിൽ സംസാരിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ അവരെ ആകർഷിക്കും വിധം സ്വന്തം ഭാഷണരീതിയിൽത്തന്നെ വി.എസ് മാറ്റം വരുത്തി. നീട്ടിയും കുറുക്കിയും വാക്കുകൾ ആവർത്തിച്ചുമുള്ള വി.എസിന്റെ പ്രസംഗശൈലി പിൽക്കാലത്തും ജനങ്ങൾക്ക് പ്രിയപ്പെട്ടതായി. സി.പി.എമ്മിന്റെ പരമോന്നത സമിതിയായ പി.ബി അംഗമായും കേരള പാർട്ടിയുടെ സെക്രട്ടറിയായും പ്രവർത്തിച്ച വി.എസ് കർക്കശക്കാരനായ നേതാവെന്ന വിശേഷണത്തിൽ നിന്ന് കേരളം കണ്ട ഏറ്റവും ജനകീയനായ നേതാക്കളിലൊരാളായി കാലക്രമേണ മാറുകയായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ പരിസ്ഥിതിക്കും പുഴകൾക്കും പാടങ്ങൾക്കും സ്ത്രീ സമത്വത്തിനും മലനിരകളുടെ സംരക്ഷണത്തിനുമെല്ലാം വേണ്ടി നേരിട്ടിറങ്ങിയ വി.എസിന്റെ ശബ്ദം മുഴങ്ങി.
സ്വന്തം പാർട്ടിക്കു പുറത്തുനിന്നു മാത്രമല്ല ദേശീയതലത്തിൽപ്പോലും ഈ സമരങ്ങളിൽ വി.എസിന് പിന്തുണയേറി. കൈയേറ്റ മാഫിയക്കാരും അഴിമതിക്കാരും സ്ത്രീപീഡകരും വി.എസിന്റെ പേരുകേൾക്കുമ്പോഴേക്കും പേടിച്ചുവിറച്ച കാലമായിരുന്നു അത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.എസിന്റെ പ്രവർത്തനങ്ങൾ പശ്ചിമഘട്ട മലനിരകളും മതികെട്ടാൻ ചോലയും അടക്കം കേരളത്തിന്റെ പ്രകൃതി ഒരു പരിധിവരെയെങ്കിലും ഇന്നത്തെ അവസ്ഥയിൽ നിലനിൽക്കാൻ വളരെയേറെ സഹായിച്ചുവെന്ന
വസ്തുത നിഷേധിക്കാനാവില്ല. വെട്ടിനിരത്തൽ എന്ന് വിമർശകർ പരിഹസിച്ചെങ്കിലും വി.എസ് പറഞ്ഞത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. നമ്മൾ അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങൾ തന്നെ അതിന് ഉദാഹരണമാണ്. പിന്നീട് ആ സമരങ്ങൾക്ക് പിന്തുടർച്ചക്കാരില്ലാതെ പോയത് കേരളത്തിന്റെ ദൗർഭാഗ്യം.
2006-ൽ വി.എസ് കേരള മുഖ്യമന്ത്രിയായപ്പോൾ കേരളത്തിന്റെ വികസന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനായിരിക്കുമ്പോൾ ഭരണം കാര്യക്ഷമവും സുതാര്യവുമാക്കാൻ 13 റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. കേരളത്തിൽ എ.കെ.ജിയെപ്പോലെ ജനങ്ങൾ ആരാധിച്ച നേതാവായിരുന്നു വി.എസ്.
എന്നും മണ്ണിൽച്ചവിട്ടി നിന്ന നേതാവ്. കേരളകൗമുദിയുടെ അഭ്യുദയകാംക്ഷിയും ആത്മമിത്രവുമായിരുന്നു വി.എസ്.
2011 ഫെബ്രുവരിയിൽ കേരളകൗമുദി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗാണ് നിർവഹിച്ചത്. പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അതീവതാത്പര്യത്തോടെ ഒപ്പം നിന്നത് എന്നും ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കും. വി.എസിന്റെ വേർപാടിൽ ദു:ഖിക്കുന്ന ജനകോടികൾക്കൊപ്പം പങ്കുചേരുകയും, സന്തപ്തകുടുംബാംഗങ്ങളെ ഞങ്ങൾ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. കേരള രാഷ്ട്രീയത്തിൽ ഒരു യുഗമായിരുന്നു വി.എസ്. ആ യുഗം അവസാനിക്കുമ്പോൾ കാലം ഒരു നിമിഷമെങ്കിലും നിശ്ചലമാകുന്നു. ആ സമരവീര്യത്തിന്റെ ആവേശം വാരിവിതറി തങ്കലിപികളിൽ എഴുതപ്പെട്ട കേരളത്തിന്റെ ചരിത്രമായി വി.എസ് ഇനി മാറും.
ദീപുരവി
ചീഫ് എഡിറ്റർ
22 ജൂലായ് 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |