ന്യൂഡൽഹി: രോഗികളുടെ ശരീരത്തിൽ നിന്ന് "വിഷ രക്തം" വലിച്ചെടുത്ത് പക്ഷാഘാതം സുഖപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ രാജസ്ഥാനിൽ നിന്നും പിടിയിലായി. ഡോ. ആർ. സെരിവാല എന്ന സംഘത്തിലെ മുഹമ്മദ് കാസിമിനെയാണ് പൊലീസ് പിടികൂടിയത്. രോഗിയുടെ ശരീരത്തിൽ നിന്നും വിഷ രക്തത്തിന്റെ ഓരോ തുള്ളിക്കും 5,000 രൂപ വീതമാണ് ഇവർ ഈടാക്കിയത്.
67കാരനായ മഹേഷ് ഛദ്ദയും വിരമിച്ച സർക്കാർ അധ്യാപികയായിരുന്ന ഭാര്യ മധുവുമാണ് തട്ടിപ്പിനിരയായത്. 2020ൽ മസ്തിഷ്കാഘാതത്തെത്തുടർന്ന് ഭാഗികമായി തളർന്നുപോയ മഹേഷ് ഛദ്ദയുടെ അസുഖം ഭേദപ്പെടുത്താമെന്ന് പറഞ്ഞാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. കഴിഞ്ഞ വർഷം മഹേഷും ഭാര്യ മധുവും ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് തട്ടിപ്പിന് കളമാെരുങ്ങിയത്.
അവിടെ വച്ച് നിതിൻ അഗർവാളെന്ന പേരിൽ മുഹമ്മദ് കാസിമിനെ ദമ്പതികൾ ആദ്യമായി പരിചയപ്പെടുന്നു. ഡോ. സെരിവാലയുടെ ചികിത്സയിലൂടെ തന്റെ പിതാവ് പക്ഷാഘാതത്തിൽ നിന്ന് വളരെ പെട്ടെന്ന് സുഖം പ്രാപിച്ചുവെന്ന് ദമ്പതിമാരോട് ഇയാൾ പറഞ്ഞു. ഡൽഹിയിലെ ദ്വാരകയിലുള്ള തന്റെ കോൺടാക്റ്റ് നമ്പറും വിലാസവും പങ്കുവയ്ക്കുകയും ചെയ്തു.
അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ തട്ടിപ്പുകാർ വളരെ സൂക്ഷ്മതയോടെയാണ് ദമ്പതിമാരിൽ വിശ്വാസം വളർത്തിയെടുത്തത്. തുടക്കത്തിൽ ഡോ. സെരിവാലയുടെ സഹായിയായ സമീറിനെ ബന്ധപ്പെടാൻ ബുദ്ധിമുട്ടായിരുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ദുബായിലും കാനഡയിലും രോഗികളെ ചികിത്സിക്കുന്നതിൽ ഡോക്ടർ തിരക്കിലാണെന്ന് കള്ളം പറഞ്ഞാണ് വിശ്വാസം ഊട്ടിയുറപ്പിച്ചത്.
ഒടുവിൽ ദമ്പതികൾക്ക് അപ്പോയിന്റ്മെന്റ് ലഭിച്ചപ്പോഴാണ് സെരിവാലയുടെ നാടകീയമായ രംഗപ്രവേശനം നടക്കുന്നത്. ഡോക്ടർ സെരിവാല ഒരു ബ്ലേഡ് ഉപയോഗിച്ച് രോഗിയുടെ തളർന്ന ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടാക്കുകയും ചെറിയ പൈപ്പിലൂടെ രക്തം വലിച്ചെടുത്ത് കെമിക്കൽ പുരട്ടിയ പ്രതലത്തിലേക്ക് തുപ്പുകയും അത് മഞ്ഞനിറമാവുകയും ചെയ്തു. ഇത് പിന്നീട് "വിഷം" ആണെന്ന് തെളിയിക്കുകയായിരുന്നു.
സെരിവാല ഓരോ തുള്ളി രക്തത്തിനും 5,000 രൂപ ആവശ്യപ്പെട്ടു. വിഷവസ്തുക്കൾ വായിലേക്ക് ഒഴുകിയതിനാൽ സ്വന്തം ജീവൻ അപകടത്തിലാക്കിയെന്നും പ്രത്യേക ഒരു മരുന്ന് കഴിക്കണമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. 25 ലക്ഷം രൂപയുടെ ബില്ലാണ് ദമ്പതികളിൽ നിന്നും കളവ് പറഞ്ഞ് സംഘം തട്ടിയെടുത്തത്.
ആദ്യം ഒരു ലക്ഷം രൂപ പണമായി നൽകുകയും ബാക്കി പിന്നീട് അടയ്ക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ, ഡോ. സെരിവാല അടുത്ത ദിവസം വിളിച്ച് കൂടുതൽ മരുന്നുകൾ അയയ്ക്കണമെന്ന് പറഞ്ഞ് 19 ലക്ഷം കൈമാറാൻ ദമ്പതികളെ സമ്മർദ്ദം ചെലുത്തുകയായിരുന്നു. പണം അയച്ച ശേഷം വിളിച്ചു നോക്കിയപ്പോൾ ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി.
വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ ദമ്പതികൾ പൊലീസിന് പരാതി നൽകി. അന്വേഷണം ആരംഭിച്ചതോടെയാണ് തട്ടിപ്പിന്റെ കണ്ണികളിൽ ഒരാൾ പിടിയിലായത്. ഡിസംബർ 23ന് ‘ഡോ. സെരിവാല’, നിതിൻ, മീനാക്ഷി, സമീർ എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 2025 ഏപ്രിൽ നാലിന് രാജസ്ഥാനിലെ സൻസ്ഗോഡിലുള്ള ഗ്രാമത്തിൽ നിന്ന് കാസിമിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ വിഹിതമായ 2.5 ലക്ഷം രൂപ കൈപ്പറ്റിയതായി കാസിം പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
സംഘത്തിലെ അംഗങ്ങളായ പ്രതികൾ തെലങ്കാന, മധ്യപ്രദേശ്, ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയതായി അന്വേഷണത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ ശൃംഖലകൾ ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും നിരവധി അംഗങ്ങൾ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |