തിരുവനന്തപുരം: ചരിത്രപുരുഷന്റെ കാൽപ്പാടുകൾ പതിഞ്ഞ സെക്രട്ടേറിയറ്റിലെ ദർബാർ ഹാൾ. അവിടെ പൊതുദർശനംകഴിഞ്ഞ് വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം പുറത്തേക്കെടുക്കുമ്പോൾ സൂര്യൻ കാർമേഘത്താൽ മൂടിയിരുന്നു. സങ്കടക്കടലായി ജനം ആർത്തലച്ചു. ''കണ്ണേ കരളേ വി.എസേ.."" ജനസഞ്ചയം മുഷ്ടിചുരുട്ടി വിളിച്ചു. അപ്പോഴേക്കും കരിമേഘം മാഞ്ഞ് ആകാശത്ത് സൂര്യൻ തെളിഞ്ഞു.
ചെങ്കൊടി പുതച്ച വി.എസിനെ പ്രത്യേകം തയ്യാറാക്കിയ പുഷ്പാലംകൃതമായ ബസിലേക്ക് എത്തിക്കാൻ പൊലീസ് നന്നേ ബുദ്ധിമുട്ടി. ''നിങ്ങൾ ഉയർത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും."" ജനാവലി വിതുമ്പലോടെ വി.എസിന് കൊടുക്കുന്ന വാക്ക്. അത് ആകാശത്തോളം മുഴങ്ങി.
രാവിലെ 9മുതൽ ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേകം തയ്യാറാക്കിയ ബസിൽ വി.സിന്റെ ഭൗതിക ശരീരം പുറത്തേക്ക് എത്തിയത്. അവസാനമായി കാണാനെത്തിയവരിൽ ശേഷിച്ചവർ ബസിനെ പുതഞ്ഞു. ജനത്തിനു കാവലാളായിരുന്നു വി.എസിന്റെ ഭൗതികദേഹത്തിന് കഴിഞ്ഞ രാത്രി മുഴുവൻ ജനം കണ്ണീരോടെ കാവലിരുന്നു.
രാവിലെ മുതൽ മഴ ശക്തമായിരുന്നു. അതിനിടെയാണ് തമ്പുരാൻമുക്കിലെ വേലിക്കകം വീട്ടിൽനിന്ന് മൃതദേഹം സെക്രട്ടേറിയറ്റിലേക്കു കൊണ്ടുവന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പചക്രം അർപ്പിച്ചു. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്റെ സാന്നിദ്ധ്യത്തിൽ വി.എസിനെ ദേശീയപതാക പൊലീസ് പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പുഷ്പചക്രം സമർപ്പിച്ചു. പിന്നാലെ പ്രമുഖർ ഒന്നൊന്നായി എത്തി. സെക്രട്ടേറിയറ്റിന്റെ സൗത്ത്, നോർത്ത് ഗേറ്റുകളിൽ കൂടിയായിരുന്നു പൊതുജനത്തിന് പ്രവേശനം. ക്യൂ പുന്നൻറോഡും കഴിഞ്ഞു നീണ്ടു.
പൊട്ടിക്കരഞ്ഞ് ജനം
ഇന്നലെ അലയടിച്ചെത്തിയവർ പാർട്ടി പ്രവർത്തകർ മാത്രമായിരുന്നില്ല. വി.എസ് എന്ന വലിയ ശരിയെ അംഗീകരിച്ചവർ, ആരാധിച്ചവർ, വി.എസിന്റെ വാക്കുകളിൽ ഊർജ്ജം നേടിയവർ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, വൃദ്ധർ, കുട്ടികൾ. ചിലർ നെഞ്ചത്തടിച്ച് കരഞ്ഞു.
കേരളത്തിന് ഇതുപോലൊരു കാവലാൾ ഇനിയുണ്ടാകുമോ? അവർ പൊട്ടിക്കരഞ്ഞു. അഴിമതിക്കെതിരെ വി.എസ് നടത്തിയ സന്ധിയില്ലാത്ത പോരാട്ടം അവർ അനുസ്മരിച്ചു. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഇതുപോലൊരു നേതാവ് ഇനിയുണ്ടാവില്ലെന്നും, അവസാനമായി കണ്ടു വിടപറയേണ്ടത് തന്റെ ബാദ്ധ്യതയായി കരുതുന്നുവെന്നും വീൽ ചെയറിൽ എത്തിയ യുവാവ് പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ നേതാവ് ആനി രാജ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവർ അന്തിമോപാരമർപ്പിച്ചു.
രണ്ടു ക്യൂ ഒടുവിൽ നാലായി
ഒന്നരയായപ്പോഴേക്കും അറിയിപ്പ് വന്നു. പൊതുദർശനം വേഗത്തിലാക്കണം. രണ്ട് ക്യൂവായുള്ള പ്രവേശനം നാല് ക്യൂ ആയി. 1.55ന് ദർബാർ ഹാളിന്റെ വാതിൽ അടഞ്ഞു. ഓടിക്കിതച്ചെത്തിയവർ നിരാശരായി. പെട്ടെന്ന് സെക്രട്ടേറിയറ്റ് വളപ്പിലാകെ ജനം നിറഞ്ഞു. വി.എസിന്റെ ഭൗതികശരീരം കൊണ്ടുപോകാനുള്ള കെ.എസ്.ആർ.ടി.സി ബസ് ദർബാർ ഹാളിനു മുന്നിലെത്തിക്കാൻ പലവട്ടം നടത്തിയ ശ്രമം പരാജയപ്പെട്ടു. പിന്നീട് രണ്ടരയോടെ മെയിൻ ബ്ലോക്കിനു മുന്നിലായി നിറുത്തിയ ബസിലേക്ക് പൊലീസ് വി.എസിനെ എത്തിക്കുകയായിരുന്നു. വി.എസിന്റെ മകൻ വി.എ.അരുൺകുമാർ, മന്ത്രി കെ.എൻ.ബാലഗോപാൽ, പാർട്ടി ജില്ല സെക്രട്ടറി വി.ജോയി എന്നിവരാണ് ബസിൽ ഒപ്പം.
നിരത്തുകളിലെല്ലാം ജനം വി.എസിനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു, ചുവന്ന പൂക്കളുമായി. തൊണ്ടപൊട്ടി അവർ വിളിക്കുന്നുണ്ടായിരുന്നു ''ഇല്ലാ ഇല്ല മരിച്ചിട്ടില്ല, സഖാവ് വി.എസ് മരിച്ചിട്ടില്ല. ജീവിക്കുന്നു ഞങ്ങളിലൊഴുകും ചോരയിലൂടെ"". സഖാവേ, ലാൽ സലാം.
നിത്യവിശ്രമം
ടി.വി.തോമസിന്
അരികെ
ആലപ്പുഴ: അലകടൽ പോലെ സ്മരണകൾ ആർത്തിരമ്പുന്ന പുന്നപ്ര വലിയചുടുകാട് രക്തസാക്ഷി മണ്ഡപം ഇന്ന് വി.എസ് എന്ന വിപ്ലവ സൂര്യനെ ഏറ്റുവാങ്ങും.
പുന്നപ്ര വയലാർ രക്തസാക്ഷികളുടെയും ജനനായകരുടെയും ഓർമ്മകൾ പങ്കിടുന്ന ചരിത്ര സ്മാരകത്തിൽ രക്തസാക്ഷി സ്തൂപത്തിന് തെക്ക് കിഴക്ക് ഭാഗത്ത് സമരസേനാനികളായിരുന്ന പി.എ.ജോർജിനും ടി.വി.തോമസിനും സമീപമാണ് വി.എസ് നിത്യനിദ്രയിലാകുക. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രവർത്തകരായിരുന്നു മൂവരും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവർ. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ പി.എ.ജോർജും ടി.വി.തോമസും സി.പി.ഐയുടെയും വി.എസ് സി.പിഎമ്മിന്റെയും ഭാഗമായി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.എ.ജോർജ് ചാത്തനാട് വാർഡിൽ നിന്നുള്ള ആലപ്പുഴ നഗരസഭാംഗമായിരുന്നു. സമരസേനാനി ആൻഡ്രൂസ് മൂപ്പന്റെ മകനായിരുന്നു ജോർജ്.
പി. കൃഷ്ണപിള്ള, എം.എൻ. ഗോവിന്ദൻനായർ, എസ്. കുമാരൻ, സി.കെ. ചന്ദ്രപ്പൻ,ആർ.സുഗതൻ, ടി.വി.തോമസ്, പി.ടി. പുന്നൂസ്, ജോർജ് ചടയംമുറി, പി.കെ. ചന്ദ്രാനന്ദൻ, കെ.ആർ. ഗൗരിഅമ്മ, പി. പത്മനാഭൻ, ടി.വി. രമേശ് ചന്ദ്രൻ, എം.കെ. സുകുമാരൻ, സി. ജി. സദാശിവൻ, എൻ. ശ്രീധരൻ, വി.സൈമൺ ആശാൻ, വി. കെ. വിശ്വനാഥൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ചരിത്രഭൂമിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |