ന്യൂഡൽഹി : തങ്ങൾ ഓപ്പറേറ്ര് ചെയ്യുന്ന ബോയിംഗ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പരിശോധന പൂർത്തിയാക്കിയെന്നും അപാകതകൾ കണ്ടെത്തിയിട്ടില്ലെന്നും എയർ ഇന്ത്യ വിശദീകരിച്ചു. ഇക്കാര്യം ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിലെ പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഡി.ജി.സി.എ, വിമാനകമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. അഹമ്മദാബാദിൽ വിമാനം തകർന്നുവീണത് എൻജിനുകളിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക് മാറിയിരുന്നുവെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
കൂടുതൽ ബോയിംഗ്
വിമാനം വാങ്ങാൻ നീക്കം
ബോയിംഗ് 777 ശ്രേണിയിലെ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 200 മില്യൺ ഡോളറിന്റെ ബാങ്ക് വായ്‌പയെടുക്കാൻ ശ്രമം തുടങ്ങിയെന്നാണ് സൂചന. അഹമ്മദാബാദ് ദുരന്തത്തെ തുടർന്ന് മന്ദഗതിയിലായ ഫണ്ട് സമാഹരണ ചർച്ചകൾ പുനരാരംഭിച്ചെന്നും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |