'മനുഷ്യന് ഇതൊരു ചെറിയ കാൽവയ്പ്പായിരിക്കാം, എന്നാൽ മാനവരാശിക്കിത് വലിയൊരു കുതിച്ചുചാട്ടമാണ്', എന്നാണ് 1969 ജൂലായ് 20ന് ചന്ദ്രനിൽ കാലുകുത്തിയതിനുശേഷം ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്‌ട്രോംഗ് പറഞ്ഞത്. ശാസ്ത്രലോകത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് നടന്നിട്ട് അഞ്ച് ദശകങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിനെ സംശയിക്കുന്നവർ ധാരാളമാണ്. ഇതുസംബന്ധിച്ച് ധാരാളം ഗൂഢാലോചനാ സിദ്ധാന്തങ്ങളും ശക്തമാണ്.
അപ്പോളോ 11 മിഷന്റെ ഭാഗമായി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങി 56 വർഷം പിന്നിട്ട കഴിഞ്ഞ ജൂലായ് 20ന് നാസ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഞങ്ങൾ വീണ്ടും എത്തിയിരിക്കുന്നു' എന്ന തലക്കെട്ടോടെയാണ് നാസ പോസ്റ്റ് പങ്കുവച്ചത്. '56 വർഷം മുൻപ് നാസ ഗഗനചാരികളായ നീൽ ആംസ്‌ട്രോംഗും ബസ് ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തി. ഇപ്പോൾ ചന്ദ്രനിൽ തിരികെയെത്താൻ അന്താരാഷ്ട്ര, വാണിജ്യ പങ്കാളികളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് ഞങ്ങൾ. ചന്ദ്രനിൽ ദീർഘകാല സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചൊവ്വയിലേക്കുള്ള ഞങ്ങളുടെ ആദ്യത്തെ ക്രൂ ദൗത്യങ്ങളിലേക്കുള്ള നിർണായക ചുവടുവയ്പ്പ് കൂടിയായിരിക്കുമിത്.
ചന്ദ്രനെപ്പോലെ ചൊവ്വയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് സമ്പന്നമായ സ്ഥലമാണ്. കൂടാതെ മനുഷ്യർക്ക് ഭൂമിയിൽ നിന്ന് വളരെ ദൂരം സഞ്ചരിക്കാനും പര്യവേക്ഷണം നടത്താനും കഴിയുന്ന സാങ്കേതികവിദ്യകളുടെ ഒരു ചാലകശക്തിയുമാണ്. ചുവന്ന ഗ്രഹത്തെക്കുറിച്ച് പഠിക്കുന്നത് ഭൂമിയുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ സഹായിക്കും. കൂടാതെ നമ്മുടെ സ്വന്തം ഗ്രഹത്തിനപ്പുറം ജീവൻ നിലനിൽക്കുന്നുണ്ടോ എന്ന് ഉത്തരം നൽകാനും സഹായിക്കും'- എന്നാണ് നാസ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
നടന്നത് തട്ടിപ്പോ?
ചന്ദ്രനെക്കുറിച്ച് പണ്ടുകാലം മുതൽക്കുതന്നെ പല വ്യാജ വാർത്തകളും സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്. 'ദി ഗ്രേറ്റ് മൂൺ ഹോക്‌സ്' (ചാന്ദ്രിക തട്ടിപ്പ്) എന്ന പേരിൽ 1835ൽ ദി ന്യൂയോർക്ക് സൺ എന്ന മാദ്ധ്യമത്തിൽ പുറത്തുവന്ന ലേഖനങ്ങളാണ് ഇവയിൽ ആദ്യത്തേത്. ഒരു ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നായിരുന്നു ലേഖനങ്ങളിൽ പറഞ്ഞത്. തമാശരൂപേണ പ്രസിദ്ധീകരിച്ച ഈ ലേഖലനങ്ങൾ ആളുകൾ വളരെ വേഗം വിശ്വസിക്കുകയായിരുന്നു.
ധാരാളം ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഇന്നും പലരും കരുതുന്നത് 1969ലെ ചാന്ദ്ര മിഷൻ വ്യാജമാണെന്നും മനുഷ്യൻ ചന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ടില്ല എന്നുമാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച ചർച്ചകളും സിദ്ധാന്തങ്ങളും ശക്തിയാർജിക്കുന്നത്. യുഎസ് സർക്കാർ അപ്പോളോ മിഷൻ വ്യാജമായി നിർമ്മിച്ചതാണ് എന്നുള്ള സംശയങ്ങളാണ് പലരും ഉന്നയിക്കുന്നത്. അപ്പോളോ ലാൻഡിംഗുകൾ സ്റ്റുഡിയോയിൽ ചിത്രീകരിച്ചതാണെന്നും പലരും അവകാശപ്പെടുന്നു.
പ്രധാന സിദ്ധാന്തങ്ങൾ
അതേസമയം, ചന്ദ്രനിൽ നിന്ന് തിരികെയെത്തിയ അപ്പോളോ ബഹിരാകാശയാത്രികർ 800 പൗണ്ടിലധികം ചന്ദ്രനിലെ പാറകളും മണ്ണും തിരികെ കൊണ്ടുവന്നിരുന്നു. ഇവ ശാസ്ത്രജ്ഞർ വിശദമായി പഠിക്കുകയും ചന്ദ്രനിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |