കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട് പിടിയിലായ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിലിൽ നിന്ന് ഇന്ന് പുലർച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി സെല്ല് മുറിച്ച് രക്ഷപ്പെട്ടത്. ക്വാറന്റീൻ ബ്ലോക്ക് വഴി കറങ്ങിയാണ് ഇവിടത്തെ മതിലിനടുത്ത് എത്തിയതെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങൾളിൽ നിന്ന് വ്യക്തമാണ്. തുടർന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി മതിലിനുമുകളിലെ ഫെൻസിംഗിലേക്ക് എറിയുകയായിരുന്നു. പിന്നീട് ഇതുവഴി പുറത്തുചാടി. വടം കെട്ടാൻ തുണി ദിവസങ്ങളോളം എടുത്താണ് ശേഖരിച്ചതെന്ന് വ്യക്തമാണ്. തളാപ്പിലെ കുമാർ ബിൽഡിംഗിന്റെ കിണറ്റിൽ ഒളിച്ചിരുന്ന പ്രതിയെ 10.30ഓടെ പൊലീസ് പിടികൂടുകയായിരുന്നു.
ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്‌ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ചാടിയത്. പൊലീസ് അറിയിക്കാൻ വൈകിയെങ്കിലും ഉടൻ പിടികൂടാനായത് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |