പൊന്നാനി: നെല്ല് സംഭരണം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനാൽ കോൾ കർഷകർ പ്രതിഷേധത്തിൽ.
നിലവിൽ യാതൊരു തുകയും നെൽകർഷകരായ കൃഷിക്കാർക്ക് ലഭിച്ചില്ലെന്നാണ് പരാതി. മാർച്ച് പത്തു മുതൽ പൊന്നാനി കോൾ മേഖലയിൽ വിവിധ പാടശേഖരങ്ങളിൽ നിന്നുമായി സപ്ലൈക്കോ നിർദ്ദേശിച്ച പ്രകാരം വിവിധ മിൽ ഉടമകൾ നെല്ല് ശേഖരണം ആരംഭിച്ചിരുന്നു. മേയ് മാസം വരെ സംഭരണം തുടർന്നു. മിൽ ഉടമകൾ നെല്ല് മാറ്റി അരിയാക്കി കച്ചവടം നടത്തുകയും ചെയ്തു. എന്നിട്ടും പണിയെടുത്ത കർഷകർക്ക് അർഹതപ്പെട്ട വിഹിതം ലഭിച്ചില്ലെന്നാണ് പരാതി. പ്രതികൂല സാഹചര്യം നേരിട്ട് മണ്ണിൽ കൃഷി ഇറക്കുന്നവരെ സർക്കാർ പൂർണ്ണമായും അവഗണിച്ച മട്ടാണ്. കൃത്യമായി നെല്ല് കൊയ്‌തെടുക്കാൻ ഉപകരണങ്ങൾ പലപ്പോഴും ലഭിക്കാതെയും ബണ്ട് തകർച്ച മൂലവും അപ്രതീക്ഷിതമായി വരുന്ന മഴ മൂലവും പലപ്പോഴും ഏക്കർ കണക്കിന് നെല്ല് നശിക്കുന്നതും ഇവർ കാലാകാലങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്. പൊന്നാനി-തൃശൂർ കോൾ മേഖലയിലെ കർഷകർ വർഷങ്ങളായി കോൾകൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കോൾ കർഷകർ നിലകൊള്ളുന്ന മേഖലയാണ് പൊന്നാനി താലൂക്ക്. എക്കാലവും ഏറെ ദുരിതം നേരിടുന്നവർ കൂടിയാണ് കോൾകർഷകർ. അപ്രതീക്ഷിതമായി വരുന്ന മഴയും കാറ്റും മൂലം പലപ്പോഴും കർഷകർക്ക് വലിയ നഷ്ടങ്ങൾ കോൾ കൃഷിയിൽ ഉണ്ടാകാറുണ്ട്. മൂപ്പ് കൂടിയ ജ്യോതി, കാഞ്ചന, മനുരത്ന, ഉമ തുടങ്ങിയ നെൽവിത്തുകളാണ് കോൾകൃഷിയ്ക്ക് ഉപയോഗിക്കുക. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ആരംഭിച്ചു ഏപ്രിൽ ആദ്യത്തോടെ കൊയ്ത്ത് കഴിയുന്ന കൃഷിയാണ് കോൾ കൃഷി. തൃശൂർ ജില്ലയിലെ കുന്നംകുളം വെട്ടിക്കടവ് മുതൽ ബിയ്യം വരെയാണ് ഈ കോൾ മേഖല. വെട്ടിക്കടവ്, മങ്ങാട് കൊടിയാത്ത്, ചിറക്കൽതാഴം, പുല്ലാനിച്ചാൽ, നമ്പ്രആനക്കുണ്ട്, പുത്തൻതാഴം, മുല്ലമാട്, മടയിൽകോൾ, പഴഞ്ചിറ തുടങ്ങിയവയാണ് പ്രധാന കോളുകൾ.പൊന്നാനി കോൾ മേഖലയിൽ ഏകദേശം 7000 ഹെക്ടർ വിസ്തീർണ്ണമുണ്ട്. ഇവിടെ പുഞ്ചകൃഷി ചെയ്ത 60 ഓളം പാടശേഖരങ്ങളിലെ. 6500 ഓളം വരുന്ന കർഷകർ നിലവിൽ കടുത്ത പ്രയാസത്തിലും പ്രതിസന്ധിയിലുമാണ്. മാർച്ച് മാസം 10 മുതൽ മേയ് മാസം 31 വരെയുള്ള കാലയളവിൽ സപ്ലൈക്കോ ചുമതലപ്പെടുത്തിയ സ്വകാര്യ മില്ലുകാർ സംഭരിച്ച നെല്ല് കുത്തി അരിയാക്കി വിപണിയിൽ എത്തികഴിഞ്ഞിട്ടും ഇപ്പോഴും കർഷകർക്ക് സംഭരണ വിലയായി പൊന്നാനി കോൾ മേഖലയിൽ മാത്രം കിട്ടാനുള്ളത് 60 കോടിയോളം രൂപയാണ്. സർക്കാരും സ്വകാര്യമില്ലുകളും തമ്മിൽ ഉണ്ടായ തർക്കം മൂലം സംഭരണം ശരിക്കും ഇത്തവണ വൈകി ഒരു കിലോ നെല്ലിന് 28.32 പൈസയാണ് ഉണ്ടായിരുന്നത്. അതിൽ നിന്നും കൈകാര്യ ചിലവ് എന്ന പേരിൽ 12 പൈസ കുറവ് വരുത്തി 28 രൂപ 20 പൈസ പ്രകാരം കർഷകന് ലഭിക്കുന്നുള്ളൂ. ഇതിൽ തന്നെ 21.83 പൈസ കേന്ദ്ര വിഹിതമാണ്. സംസ്ഥാന സർക്കാരിന്റെ വിഹിതം 6.37 പൈസ മാത്രമാണ് എന്നതാണ് വസ്തുത. കുറച്ചു വർഷങ്ങളായി സംഭരണ വില കേന്ദ്ര സർക്കാർ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ വെട്ടി കുറയ്ക്കുന്ന രീതിയാണുള്ളത്.
കർഷകർക്ക് കൃഷി വകുപ്പ് നൽകുന്ന ആനുകൂല്യങ്ങളും നാമമാത്രമായ രീതിയിലാണ്. റവന്യു വകുപ്പ് നൽകുന്ന പമ്പിംഗ് സബ്സിഡിക്കും പൊന്നാനി കോൾ മേഖലയിൽ വലിയ രീതിയിൽ കുടിശ്ശികയുണ്ട്. കർഷകർ കൃഷിയിൽ നിന്നും പിൻതിരിയുന്ന വഴികളാണ് കാണുന്നത്.
ശ്രീകുമാർ പെരുമുക്ക്
പൊന്നാനി കോൾ കർഷകൻ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |