കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ അതീവസുരക്ഷാ സന്നാഹങ്ങളെ വെല്ലുവിളിച്ച് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടുകയും നാലു കിലോമീറ്റർ അകലെ കിണറ്റിൽ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ വേണ്ടിവരികയും ചെയ്തതിന്റെ നാണക്കേട് മറയ്ക്കാനാകാതെ ജയിൽ വകുപ്പ്. കൊലയാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം പൊലീസ് അറിഞ്ഞ്, മൂന്നര മണിക്കൂറിനകം പ്രതിയെ പിടിക്കാനായെങ്കിലും 'ഒന്നരക്കൈ" മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി കാട്ടിയ 'അതിസാഹസ"ത്തിന് ജയിൽ അധികൃതർക്ക് ഉത്തരമില്ല. ജയിൽച്ചാട്ടത്തെക്കുറിച്ച് പ്രാഥമികാന്വേഷണത്തിന് റെഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയെ ചുമതലപ്പെടുത്തി. സുരക്ഷാവീഴ്ചയ്ക്ക് നാലു പ്രിസൺ ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
ട്രെയിനിൽ നിന്നു തള്ളിയിട്ട് യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന കൊടുംകുറ്റവാളിയും മരണംവരെ പുറംലോകം കാണരുതെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്ത ഗോവിന്ദച്ചാമി, സെല്ലിൽ ഇല്ലെന്ന് ജയിൽ അധികൃതർ അറിഞ്ഞത് ഇന്നലെ രാവിലെ നാലേകാലോടെയാണ്. രണ്ടുമണിക്കൂറോളം വൈകി പൊലീസിൽ വിവരം അറിയിക്കുകയും മാദ്ധ്യമങ്ങളിലൂടെ വിവരം പുറത്താവുകയും ചെയ്തതോടെയാണ് മൂന്നരമണിക്കൂറോളം നീണ്ട തെരച്ചിൽദൗത്യം തുടങ്ങിയത്. സെൻട്രൽ ജയിലിൽ നിന്ന് നാലു കിലോമീറ്ററോളം അകലെ തളാപ്പിൽ, ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരാണ് കണ്ടെത്തിയത്. പിന്നാലെയെത്തിയ പൊലീസ് സംഘം പ്രതിയെ കയർ വഴി പുറത്തെത്തിച്ചു.
സെല്ലിന്റെ ഇരുമ്പ് അഴികൾ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്. ജയിലിൽ ഉപയോഗിക്കാൻ നല്കിയ പുതപ്പ് പിരിച്ച്, കയറുമായി കൂട്ടിക്കെട്ടി, ഏഴര മീറ്റർ ഉയരമുള്ള ജയിൽ മതിലിലേക്ക് അതിലൂടെ തൂങ്ങിക്കയറി പുറത്തുചാടിയെന്നാണ് അധികൃതരുടെ നിഗമനമെങ്കിലും മുട്ടിനുതാഴെ ഇടതുകൈയില്ലാത്ത ഗോവിന്ദച്ചാമി ജയിലിൽ ആരുടെയും സഹായമില്ലാതെ ഇത്രയും ചെയ്ത് പുറത്തുകടക്കുമോ എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതിയുടെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി, മതിയായ തെളിവുകളുടെ അഭാവത്തിൽ വധശിക്ഷ റദ്ദാക്കുകയും മരണംവരെ ജീവപര്യന്തം വിധിക്കുകയുമായിരുന്നു.
തളാപ്പിൽ, കിണറ്റിൽ നിന്ന് പുറത്തെത്തിച്ച പ്രതിയെ പിന്നീട് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിലെ ചോദ്യം ചെയ്യലിനുശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. വൈകിട്ട് നാലോടെ സെൻട്രൽ ജയിലിലെ തെളിവെടുപ്പിനുശേഷം 5ന് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. റിമാൻഡ് ചെയ്ത ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
..................
തലച്ചുമടുമായി
കാൽനടയായി
ജയിൽ ചാടിയ ഗോവിന്ദച്ചാമി, ഇടതുകൈപ്പത്തി ഇല്ലെന്നത് മറച്ചുവയ്ക്കാൻ തലയിൽ ചാക്കുകെട്ട് ചുമന്ന്, അതിലേക്ക് ആ കൈ കയറ്റിവച്ചാണ് കണ്ണൂർ നഗരത്തിലേക്കു നടന്നത്. പിന്നീടു നടന്നത് ഇങ്ങനെ:
നാല് കിലോമീറ്ററോളം നടന്ന് തളാപ്പിൽ പോസ്റ്റ് ഓഫീസ് പരിസരത്തെത്തുന്നു.
9.30: സ്വകാര്യ കമ്പനി ജീവനക്കാരനായ വിനോജിന് സംശയം തോന്നുന്നു. ഓട്ടോ ഡ്രൈവർ മധുവിനെയും കൂട്ടി അടുത്തെത്തിയപ്പോൾ ആളെ മനസിലായി. പേരു വിളിച്ചതോടെ ഗോവിന്ദച്ചാമി മതിൽ ചാടി ഓടുന്നു.
വിനോജ് പൊലീസിനെ അറിയിച്ചു. പൊലീസ് നായ, കാടുപിടിച്ചു കിടക്കുന്ന ഒഴിഞ്ഞ കെട്ടിടത്തിനടുത്തേക്ക് എത്തുന്നു.
10.40: കെട്ടിടത്തിൽ കയറിയ ഗോവിന്ദച്ചാമി ഷീറ്റിലേക്കും തുടർന്ന് കിണറ്റിലേക്കുംചാടുന്നു. ശബ്ദം കേട്ട് വന്നുനോക്കിയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ജീവനക്കാരൻ എം.ഉണ്ണികൃഷ്ണൻ ഗോവിന്ദച്ചാമിയെ കണ്ടു. ബഹളം വച്ചതോടെ നാട്ടുകാരും പൊലീസും ഓടിയെത്തുന്നു. തുടർന്ന് പ്രതിയെ കയർ ഉപയോഗിച്ച് കയറ്റുന്നു.
4 ഉദ്യോഗസ്ഥർക്ക്
സസ്പെൻഷൻ
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെ സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
ചോദ്യങ്ങൾ വേറെയും
1 ഒരു മാസമായി സെല്ലിന്റെ കമ്പി മുറിക്കുന്നത് ശ്രദ്ധിക്കപ്പെടാതിരുന്നത് ?
2 ശരീരഭാരം മനപ്പൂർവം കുറയ്ക്കാനുള്ള ഗോവിന്ദച്ചാമിയുടെ ശ്രമം കണ്ടെത്താതിരുന്നത് ?
3സെല്ലിൽ നിന്ന് പുറത്തിറങ്ങി മൂന്ന് മണിക്കൂറോളം ജയിൽ വളപ്പിൽ തുടർന്നിട്ടും കണ്ടെത്താൻ കഴിയാത്തത്.
4ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ചിട്ടും വൈദ്യുതി കടത്തിവിടാത്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |