കൊച്ചി: ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ അന്വേഷണത്തിന് റിട്ട. ജസ്റ്റിസ്, മുൻ ഡി.ജി.പി എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെ നിയോഗിച്ചത് സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ജയിൽവകുപ്പിന്റെ പരാജയം സമ്മതിക്കുന്നതാണ്. ഇത്തരത്തിലുള്ള സമിതികളുടെയും കമ്മിഷനുകളുടെയും അന്വേഷണചരിത്രം പരിശോധിച്ചാൽ മല എലിയെ പ്രസവിച്ചത് പോലെയാണ്. പരമാവധി റിപ്പോർട്ട് സമർപ്പിക്കാം. നടപടിയെടുക്കേണ്ടത് സർക്കാരാണ്. ആ റിപ്പോർട്ട് നിയമസഭയിൽ വേണമെങ്കിൽ വയ്ക്കാം, വയ്ക്കാതെയിരിക്കാമെന്നും സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തടവുകാരെ സഹായിക്കുന്നത്
ഉദ്യോഗസ്ഥർ:കെ. സുധാകരൻ
കണ്ണൂർ: ജയിൽ ഉദ്യോഗസ്ഥർ തന്നെയാണ് തടവുപുള്ളികൾക്ക് വേണ്ട സഹായം ചെയ്യുന്നതെന്ന് കെ.സുധാകരൻ എം.പി. ജയിൽ ഉദ്യോഗസ്ഥർ തടവുപുള്ളികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഗോവിന്ദച്ചാമിക്ക് ഒരിക്കലും തനിച്ച് മതിൽ ചാടാൻ കഴിയില്ല.ആരുടെയോ സഹായം ജയിലിനകത്ത് കിട്ടിയിട്ടുണ്ട്. ജയിലിൽ ലഹരി സുലഭമാണ്. തടവുപുള്ളികൾക്ക് ലഹരി ഉപയോഗിക്കുന്നതിനുള്ള ഇടനിലക്കാർ ജയിൽ ജീവനക്കാർ തന്നെയാണ്.ജയിൽ ഉപദേശകസമിതി ചെയർമാൻ പി.ജയരാജനാണ്. അവർ യോഗം ചേരാറുണ്ട്. ഇതെല്ലാം സമിതിക്ക് അറിയാം. ഇത്തരം ലഹരികൾ നിറുത്തലാക്കണമെന്ന നിർദ്ദേശം അവർ എന്തുകൊണ്ട് സർക്കാരിന് നൽകുന്നില്ല ?ലഹരി നിയന്ത്രിക്കാനുള്ള കഴിവും പ്രാപ്തിയും ഇന്ന് സംസ്ഥാനം ഭരിക്കുന്ന സർക്കാരിനില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |