തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി എം. മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ സി.പി.എം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെതിരെ നടപടിയുമായി സർക്കാർ. സ്കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്‌കൂളിന്റെ ഭരണച്ചുമതല കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കു കൈമാറി.
സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നു കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാനേജർ ആർ.തുളസീധരൻ പിള്ളയുടെ ഭാഗത്തും വീഴ്ചയുണ്ടായതായി ബോദ്ധ്യപ്പെട്ടു. മിഥുൻ കേരളത്തിന്റെ മകനാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. സ്‌കൂളുകളുടെ സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രി കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരെ മാനേജർ
കൊല്ലം: തേവലക്കര സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ട സർക്കാർ തീരുമാനം സ്വാഗതം ചെയ്ത സ്കൂൾ മാനേജർ ആർ.തുളസീധരൻപിള്ള വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. ഉദ്യോഗസ്ഥർ അദ്ധ്യയന വർഷാരംഭത്തിന് മുമ്പ് സ്കൂളിൽ പരിശോധന നടത്തിയതാണ്. അവരാരും ത്രീ ഫേസ് ലൈൻ ഉയർത്തുന്ന സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ ഒരു യോഗത്തിലും സ്കൂൾ മാനേജർമാരെ വിളിക്കാറില്ല. മുൻ മാനേജ്മെന്റിനും സുരക്ഷാപ്രശ്നത്തിൽ പങ്കുണ്ട്. മുൻ മാനേജ്മെന്റിന്റെ കാലത്താണ് ത്രീ ഫേസ് ലൈനിന് താഴെ സൈക്കിൾ ഷെഡ് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുളസീധരൻപിള്ള സി.പി.എം മൈനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. തേവലക്കര ലോക്കൽ കമ്മിറ്റി അംഗം വി.ഗോവിന്ദപിള്ളയാണ് ഭരണസമിതി പ്രസിഡന്റ്. മൂന്നരവർഷം മുമ്പ് തിരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോഴത്തെ ഭരണസമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |