കോഴിക്കോട്: ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഇംഗ്ളീഷ്, ഉർദു, സംസ്‌കൃതം, മലയാളം, നേപ്പാളി തുടങ്ങി വിവിധ ഭാഷകളിലുള്ള 228 രാമായണങ്ങൾ പദ്മനാഭന് സ്വന്തമായുണ്ട്. രണ്ടായിരത്തോളം ഗ്രന്ഥങ്ങളും അറുനൂറോളം പുരാവസ്തുക്കളും തന്റെ 'ചിന്താഗൃഹം" എന്ന വീട്ടിൽ ഈ 75കാരൻ നിധിപോലെ സൂക്ഷിക്കുന്നു. കണ്ണൂർ പേരാവൂർ മണത്തണ സ്വദേശിയാണ്. രാമായണ വ്യാഖ്യാനങ്ങളും പഠനങ്ങളും, 17-ാം നൂറ്റാണ്ടിലെ രാമായണ ചിത്രീകരണം പുസ്തകമാക്കിയതും ഇവയിൽപ്പെടും.
തെെക്കാട് അയ്യാഗുരു രചിച്ച രാമായണം തൃശൂരിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ശേഖരിച്ചത്. മൂന്ന് മില്ലിമീറ്റർ വീതിയും നീളവുമുള്ള രാമായണങ്ങളുമുണ്ട് ശേഖരണത്തിൽ.
താളിയോലയിലെഴുതിയ രാമായണഭാഗങ്ങളും ലളിത സഹസ്രനാമ സ്‌തോത്രവും പുരാതന ഗൃഹങ്ങളിൽ നിന്നാണ് കിട്ടിയത്. അച്ചടിയിലില്ലാത്ത 52 രാമായണങ്ങൾ സമൂഹ മാദ്ധ്യമ കൂട്ടായ്മയിലെ ഡിജിറ്റൽ പകർപ്പ് നോക്കിയെഴുതി സൂക്ഷിച്ചിട്ടുണ്ട്. കണ്ണൂരിൽ മാത്രം 450 പ്രദർശനങ്ങളും നടത്തി.
ശേഖരം കാണാനും പഠിക്കാനും ഗവേഷണ വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേരാണ് 'ചിന്താഗൃഹ"ത്തിൽ നിത്യേന എത്തുന്നത്. മൂന്നു വർഷം മുമ്പ് മഹാഭാരതം ഗ്രന്ഥങ്ങളുടെ ശേഖരണവും തുടങ്ങി. ഇപ്പോൾ എൺപതെണ്ണമായി.
സംശയം മാറ്റാൻ രാമായണം വായന
രാമായണവുമായി ബന്ധപ്പെട്ടുണ്ടായ സംശയം തീർക്കാനാണ് വർഷങ്ങൾക്ക് മുമ്പ് പത്മനാഭൻ അത് വായിക്കാൻ തുടങ്ങിയത്. അന്വേഷണത്തിൽ പല രാമായണങ്ങളെക്കുറിച്ചറിഞ്ഞു. കൗതുകത്തെ തുടർന്നാണ് ശേഖരിക്കാൻ തുടങ്ങിയത്. 2005ൽ എക്സെെസിൽ നിന്ന് സൂപ്രണ്ടിംഗ് ഓഫീസറായി വിരമിച്ച ശേഷമാണ് കൂടുതൽ സജീവമായത്. രാമായണമാസം വീട്ടിൽ രാമായണം വായനയുണ്ട്. ഭാര്യ: ഓമന. മക്കൾ: വിജയ് ശങ്കർ, ശാലിനി.
രാമായണം ഒരു പ്രസ്ഥാനമാണെന്ന് ശേഖരണത്തിലൂടെ തിരിച്ചറിഞ്ഞു. ഒരു കൊല്ലം കൊണ്ട് ശേഖരം 500 ആക്കുകയാണ് ലക്ഷ്യം
-പത്മനാഭൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |