വടക്കഞ്ചേരി: കച്ചവടക്കാര്‍ അകാരണമായി ഇറച്ചി വില വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടന്‍, ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില കിലോയ്ക്ക് 900 രൂപയില്‍ നിന്ന് 1000 കടന്നു. ബീഫ് 400 ല്‍ നിന്ന് 460 ലെത്തി. കോഴി വിലയാകട്ടെ 120-130 എന്ന നിലയിലാണ്. കേരളത്തില്‍ ആട് വളര്‍ത്തല്‍ കുറഞ്ഞതോടെ ഉത്തരേന്ത്യയില്‍ നിന്നാണ് ഇറച്ചിക്കായി ആടുകളെ കൊണ്ടുവരുന്നത്. കോഴി തൂക്കും പോലെ കിലോക്ക് 350 രൂപ വെച്ചാണ് ജീവനോടെ ആടുകളെ തൂക്കുന്നത്.
മൂന്നിരട്ടി വിലയ്ക്ക് വിറ്റ് കച്ചവടക്കാര്‍ വന്‍ ലാഭം കൊയ്യുകയാണെന്നാണ് പരാതി. തോല്‍ പൊളിച്ച് ഇറച്ചിയാക്കുമ്പോള്‍ മട്ടന്റെ വില ആയിരത്തിലേക്ക് എത്തും. കരള്‍, കുടല്‍, തലച്ചോര്‍, ആട്ടിന്‍ തോല്‍ എന്നിവയ്ക്കും നല്ല ഡിമാന്‍ഡാണ്. ഈ വര്‍ഷമാണ് ആട്ടിറച്ചി വില 1000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തിനുള്ളിലാണ് ബീഫ് വില 380ല്‍ നിന്ന് 460 വരെ ഉയര്‍ത്തിയത്. പല കച്ചവടക്കാരും പല വിലയാണ് ഈടാക്കുന്നത്. വില നിയന്ത്രിക്കാനോ ഏകീകരിക്കാനോ ഇടപെടല്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല.
ഇറച്ചിക്ക് തീവിലയെങ്കിലും വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വില വര്‍ദ്ധിപ്പിച്ചാല്‍ അത് കച്ചവടത്തെ ബാധിക്കും. ഭൂരിഭാഗം ഹോട്ടലുകളും ചിക്കന്‍ ബിരിയാണിയിലേക്ക് മാറി. വെളിച്ചെണ്ണ വിലയിലെ കുതിപ്പും ഹോട്ടലുകള്‍ക്ക് ഇരുട്ടടിയായി. മാംസ വിപണനരംഗത്ത് നിലവില്‍ കോഴിവില മാത്രമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ആട്, പോത്തിറച്ചി വിലയില്‍ ഏകീകരണമില്ല. ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |