കോഴിക്കോട്: കേരളത്തിലെ ഏറ്റവും അധികം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. 2020ലെ കരിപ്പൂര്‍ വിമാനത്താവള അപകടത്തോടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമായിരുന്ന കരിപ്പൂര്‍ പുത്തന്‍ സാദ്ധ്യതകളിലേക്കും അവസരങ്ങളിലേക്കും 'ടേക്കോഫിന്' ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ റണ്‍വേ വികസനം ഉള്‍പ്പെടെ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളും കാര്‍ഗോ വിമാനങ്ങളും ഉള്‍പ്പെടെ കരിപ്പൂരിലേക്ക് പറന്നിറങ്ങും. ഇത് മലബാറിന്റെയാകെ വികസനത്തിന് പുതിയ ദിശ നല്‍കും.
2020ലെ അപകടത്തോടെ വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷ ഏരിയ നീളം കൂട്ടി വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്നും അങ്ങനെ വന്നാല്‍ ആഭ്യന്തര വിമാനത്താവളമായി കരിപ്പൂര്‍ നശിക്കുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ ഹജ് കേന്ദ്രമായി നിലനിര്‍ത്തിയും ഒപ്പം റണ്‍വേ വികസനത്തിന് മുന്‍കൈയെടുത്തും സംസ്ഥാന സര്‍ക്കാര്‍ കരിപ്പൂരിനെ ചുമലിലേറ്റി.
ഭൂമിയേറ്റെടുക്കല്‍ അതിവേഗത്തില്‍
വിമാനത്താവള വികസനത്തിനായി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി 12.48 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള അതോറിറ്റിക്ക് ഏറ്റെടുത്തു നല്‍കിയത്. 76 കുടുംബങ്ങള്‍ക്കായി 72.85 കോടി രൂപ.നഷ്ടപരിഹാരമായി നല്‍കി. 76 ഭൂവുടമസ്ഥരില്‍ 28 പേര്‍ക്ക് ഭൂമിയും 11 പേര്‍ക്ക് മറ്റു നിര്‍മിതികളും 32 കുടുംബങ്ങള്‍ക്ക് വീട് ഉള്‍പ്പെടെയുള്ള വസ്തുക്കളും 5 പേര്‍ക്ക് മറ്റ് കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപ്പെടുന്നുണ്ട്. അത്തരത്തിലുള്ള 52 കുടുംബങ്ങള്‍ക്ക് 3.56 കോടി രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ കൈമാറി
റെസ (Runway End Safety Area)
കരിപ്പൂരിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2026 മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. വ്യോമയാന മന്ത്രാലയം നല്‍കിയ സമയ പരിധിക്കുള്ളില്‍ തന്നെ റെസ വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറി. നിലവിലുള്ള റെസയോട് ചേര്‍ന്ന് ഏറ്റെടുത്ത ഭൂമിയില്‍ മണ്ണിട്ട് ഉയര്‍ത്തി റണ്‍വേയുടെ നീളം കൂട്ടുന്ന ജോലി പുരോഗമിച്ചുവരികയാണ്. ആധുനിക യന്ത്ര സഹായത്തോടെയാണ് റെസ നിര്‍മാണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |