മലപ്പുറം: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം പുനരാവിഷ്‌കരിച്ച് മുൻ എം.എൽ.എ പി.വി.അൻവർ. ഒറ്റക്കൈ ഉപയോഗിച്ച് ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ചാടിക്കടക്കാനാവില്ലെന്ന് സ്ഥാപിക്കാൻ മഞ്ചേരിയിലെ തന്റെ പാർക്കിലെ മതിലിലായിരുന്നു പുനരാവിഷ്‌കാരം. മൂന്ന് ഡ്രമ്മുകൾ മതിലിനോട് ചേർത്തു വച്ച്, ഗോവിന്ദച്ചാമി ഡ്രമ്മുകളുപയോഗിച്ചാണ് മതിൽ ചാടിക്കടന്നതെന്ന ജയിൽ ഉദ്യോഗസ്ഥരുടെ വാദം ഖണ്ഡിക്കാനായിരുന്നു ശ്രമം.
ജയിലഴിക്ക് സമാനമായ കമ്പി ആക്‌സോ ബ്ളേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ച അൻവർ ഇത്തരം കമ്പികൾ നൂറ് ആക്‌സോ ബ്ളേഡ് ഉപയോഗിച്ചാലും മുറിക്കാനാവില്ലെന്ന് പറഞ്ഞു. തുടർന്ന് ജയിൽ മതിലിന് സമാനമായ ഉയരത്തിലുള്ള തന്റെ പാർക്കിന്റെ മതിലിന് സമീപമെത്തിയ അൻവർ മൂന്ന് ഡ്രമ്മുകൾ ചേർത്തു വച്ചുള്ള ഗോവിന്ദച്ചാമിയുടെ മതിൽച്ചാട്ടം അസാദ്ധ്യമാണെന്ന് വാദിച്ചു.രണ്ടു കൈ ഇല്ലാത്ത ഒരാൾ ഡ്രമ്മിൽ നിന്ന് തുണിയിൽ ചാടിപ്പിടിച്ചത് എങ്ങനെയാണ്. അഞ്ച് ഗോവിന്ദച്ചാമി കരുതിയാലും ഇങ്ങനെയൊരു ജയിൽച്ചാട്ടം പ്രായോഗികമല്ല. ഹെലിക്കോപ്റ്റർ വരേണ്ടി വരും. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണ്. വി.എസ് അച്യുതാനന്ദനെ കുറിച്ചുള്ള ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ജയിൽചാട്ടം കൊണ്ടുവന്നത്. ജയിൽ ഉദ്യോഗസ്ഥർ തന്നെ ഗോവിന്ദച്ചാമിയെ പുറത്തുകൊണ്ടുപോയി വിട്ടതാണെന്നും അൻവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |