കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റു ചെയ്‌തതിൽ കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ സഭകളും സംഘടനകളും.അസീസി സിസ്‌റ്റേഴ്സ് ഒഫ് മേരി ഇമ്മാക്കുലേറ്റ് അംഗങ്ങളായ അങ്കമാലി എളവൂർ മാളിയേക്കൽ പ്രീതി മേരി, തലശേരി സ്വദേശിനി എന്നിവരാണ് മതം മാറ്റ ശ്രമം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റിലായത്.
കന്യാസ്ത്രീകളെ ജയിലിലടച്ചത് പ്രതിഷേധാർഹവും വേദനാജനകവുമാണെന്ന് കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ഒഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്റ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ആശങ്കയോടെ
സിറോമലബാർ സഭ
നിക്ഷിപ്ത താത്പര്യങ്ങളുള്ള ആൾക്കൂട്ടങ്ങളും സംഘടനകളും ഭരണഘടനയ്‌ക്ക് മീതെ വളരുന്നത് ആശങ്കാജനകമാണെന്ന് സിറോമലബാർ സഭ പറഞ്ഞു. സന്യസ്തർക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സഭാ വക്താവ് ആവശ്യപ്പെട്ടു.
നടപടി വേണം:
കെ.സി.എഫ്
അറസ്റ്റിൽ കെ.സി.ബി.സി അൽമായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്) പ്രതിഷേധിച്ചു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽ ജോൺ ഫ്രാൻസിസ്, ജനറൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി എന്നിവർ ആവശ്യപ്പെട്ടു.
കള്ളക്കേസ്:
ലാറ്റിൻ സഭ
കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. കള്ളക്കേസിൽ കുടുക്കിയതും കന്യാസ്ത്രീകൾക്കെതിരെ പെൺകുട്ടികളെ തിരിച്ചതും അന്വേഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.
മോചിപ്പിക്കണം:
സതീശൻ
കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രാജ്യമെങ്ങും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലി എളവൂരിലെ വീട് മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എം.പി., സിറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ തുടങ്ങിയവർ സന്ദർശിച്ചു.
രാജ്യത്തിന് അപമാനം: ക്ലീമിസ് ബാവ
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. സന്യസ്ത വസ്ത്രം ധരിച്ചതിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും ഇതിനെതിരേ ശക്തമായ നടപടിയില്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നു. സംഭവത്തിൽ കത്തോലിക്ക സഭ ഒന്നാകെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കണമെന്നും മത സ്വതന്ത്രം തിരിച്ച് കൊണ്ടുവരണമെന്നും പ്രധാനമന്ത്രിയോട് സഭ ആവശ്യപ്പെടുന്നു.
ആശങ്കാകുലം:
യൂജിൻ പെരേര
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ക്രൈസ്തവർക്കും മത ന്യൂനപക്ഷങ്ങൾക്കും ആശങ്ക വർദ്ധിപ്പിക്കുന്നതാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റ്:
കേന്ദ്രത്തിനെതിരെ
സി.ബി.സി.ഐ
തൃശൂർ: രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ പ്രവർത്തിക്കുന്നതിന് ആവശ്യമായ സംരക്ഷണം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി.ബി.സി.ഐ പ്രസിഡന്റും തൃശൂർ അതിരൂപത അദ്ധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം പ്രതിഷേധാർഹവും വേദനാജനകവുമാണ്. ഈ സംഭവം രാജ്യത്തെ മതേതര ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് . ദുർഗ് സംഭവം രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. സന്യസ്തർക്ക് സഭാ വസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തുടർ സംഭവങ്ങളിൽ ഒന്നു മാത്രമാണിതെന്ന് മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.
ബിജെപി സംഘം റായ്പൂരിലേക്ക്
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റ് ഗൗരവത്തോടെ കാണുന്നുവെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി യുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് റായ്പൂരിലേക്ക് പോകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ക്രൈസ്തവ സഭാ നേതാക്കളെയും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെയും ബിജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയിട്ടുണ്ട്.
സി.പി.എമ്മും കോൺഗ്രസും
മുതലെടുപ്പിന് :ബി.ജെ.പി
തൃശൂർ: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബി.ജെ.പിക്കെതിരെ രാഷ്ട്രീയ മുതലെടുപ്പിനാണ് കോൺഗ്രസും,സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷും വൈസ് പ്രസിഡന്റ് ഷോൺ ജോർജും മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചു. പ്രധാനമന്ത്രിക്ക് കത്തയച്ചതല്ലാതെ വിഷയത്തിൽ കേരള മുഖ്യമന്ത്രി ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |