കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടശേഷം ജയിലിന് മുന്നിലൂടെ രണ്ടുവട്ടം നടന്നുപോയെന്ന് വ്യക്തമാക്കുന്ന സി.സി. ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജയിലിന് മുന്നിലെ ദേശീയപാതയിലൂടെയായിരുന്നു സഞ്ചാരം. ജയിൽചാടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുലർച്ചെ 5.55നുള്ള ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്.
വാഹനങ്ങളടക്കം പോകുന്നുണ്ടെങ്കിലും കയറാൻ ശ്രമിക്കുകയോ ലിഫ്റ്റ് ചോദിക്കുകയോ ചെയ്യുന്നില്ല.
ആദ്യം പോയത് കണ്ണൂർ നഗരത്തിനും റെയിൽവേ സ്‌റ്റേഷനും എതിർവശം കാസർകോട് ഭാഗത്തേക്കാണ്. പള്ളിക്കുളത്ത് നിന്നുള്ള സി.സി. ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.തിരിച്ചു കണ്ണൂർ ഭാഗത്തേക്ക് വരുന്നതും കാണാം. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിതെറ്റിയെന്ന് മനസ്സിലാക്കി തിരിച്ചു നടക്കുകയായിരുന്നു. ഇതിനിടെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള റോഡിലേക്ക് കയറി വസ്ത്രം മാറുകയും ചെയ്തു.
25ന് പുലർച്ചെ 1.14ന് സെല്ലിൽനിന്ന് പുറത്തേക്ക് കടക്കുന്നതിന്റെ ജയിലിനകത്തെ ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്.
ജയിൽ ജീവനക്കാരുടെ
മൊഴിയെടുത്തു
കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തു. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രക്ഷപ്പെടൽ പദ്ധതിയിട്ടതും നടപ്പാക്കിയതും ഗോവിന്ദച്ചാമി തനിച്ചെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തൽ.
ജയിൽ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്. ഉത്തര മേഖല ഡി.ഐ.ജി വി.ജയകുമാറാണ് അന്വേഷണം നടത്തിയത്. നേരത്തെ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒരാൾക്കെതിരെ നടപടി ശുപാർശയുമുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |