തിരുവനന്തപുരം: ആർ.എസ്എസ് നിയന്ത്രിക്കുന്ന ബി.ജെ.പി വാഴ്ചയിൽ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഛത്തീസ്ഗഡിൽ മറ നീക്കി പുറത്തു വന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.
കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബജ്റംഗ്ദൾ ആർഎസ്എസ് കുടുംബാംഗവും ബിജെപിയുടെ ആശയ മച്ചുനനുമാണ്.രാജ്യത്താകെ ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ് നടത്തുന്ന ക്രിസ്തീയ വിരുദ്ധ ആക്രമണ പരമ്പരയിൽ ചിലതു മാത്രമാണ് പുറംലോകം അറിഞ്ഞത്. കള്ളക്കേസിൽ കുടുക്കപ്പെട്ട് തടവറയിൽ കുടിവെള്ളം പോലും കിട്ടാതെ മരിക്കേണ്ടിവന്ന സ്റ്റാൻ സ്വാമി ബിജെപി എടുത്തണിയുന്ന കപട ക്രിസ്തീയ സ്നേഹത്തിന്റെ തനി നിറം വിളിച്ചറിയിച്ചു. ഇതെല്ലാം സംഭവിക്കുമ്പോഴും ക്രിസ്തീയ പുരോഹിതന്മാരിൽ ഒരു വിഭാഗം ബിജെപിയോട് പുലർത്തുന്ന വിധേയത്വം ന്യൂനപക്ഷങ്ങളെ അമ്പരപ്പിക്കുന്നതാണ്. ക്രിസ്ത്യൻ മുസ്ലിം വൈരം വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ആർഎസ്എസ് തന്ത്രത്തിന്റെ കൈക്കാരന്മാരാകുന്ന അപൂർവ്വം ബിഷപ്പുമാർ യഥാർത്ഥ ക്രിസ്തു ശിഷ്യന്മാരാണോ എന്ന് വിശ്വാസ സമൂഹം ചോദിക്കാതിരിക്കില്ല. പിലാത്തോസിന്റെ ശിഷ്യന്മാരെ പോലെ പ്രവർത്തിക്കുന്ന അക്കൂട്ടർ 'നസ്രേത്തിൽനിന്നും നന്മ' പ്രതീക്ഷിക്കുന്നവരാണ്. അവർ ചെയ്യുന്നത് എന്താണെന്ന് അവർക്കറിയാമെങ്കിൽ അവരോട് പൊറുക്കരുത് എന്നായിരിക്കും മതവിശ്വാസികൾ പ്രാർത്ഥിക്കുന്നത്-ബിനോയ് വിശ്വം പറഞ്ഞു..
ക്രൈസ്തവ വേട്ട
വെല്ലുവിളി :
മന്ത്രിവാസവൻ
തിരുവനന്തപുരം: ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ കിരാതവാഴ്ചയിൽ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലേതെന്ന് മന്ത്രി വി.എൻ.വാസവൻ.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം പ്രതിഷേധാർഹമാണ്.ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണിത്. ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ ജയിലിലടച്ചത്. കേന്ദ്രസർക്കാരും ഛത്തീസ്ഗഡ് സർക്കാരും പിന്തുടരുന്ന ന്യൂനപക്ഷവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഗൗരവതരമാകുന്നത്.ബി.ജെ.പി അധികാരത്തിലെത്തിയ കാലം മുതൽ സംഘപരിവാർ സംഘടനകളും അവർ നിയന്ത്രിക്കുന്ന സർക്കാരുകളും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായി നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുകയാണ്. മണിപ്പൂരിൽ നിയമവാഴ്ച തകർത്ത അക്രമങ്ങൾക്ക് കേന്ദ്രസർക്കാർ മൂകസാക്ഷിയായിരുന്നു .
രാജ്യത്ത് ക്രൈസ്തവർക്കെതിരെ നിർബാധം തുടരുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കന്യാസ്ത്രീകളെ ജയിലിൽ
അടച്ചത് ന്യൂനപക്ഷ
ദ്റോഹം: സി.പി.എം
തിരുവനന്തപുരം: മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് കന്യാസ്ത്രീകളെ ജയിലിൽ അടച്ചത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നു കയറ്റുവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
ക്രിസ്ത്യൻ പ്രശ്നമെന്ന നിലയിൽ മാത്രമല്ല ഈ വിഷയത്തെ കാണേണ്ടത്. മതം അനുഷ്ഠിക്കാൻ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്. ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ ജയിലിലടച്ചത്. കേന്ദ്ര സർക്കാരും, ഛത്തീസ്ഗഢ് സർക്കാരും പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ തെളിവാണിത്.
റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ ബജ്രംഗ്ദൾ പ്രവർത്തകർ വളഞ്ഞ് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. നിയമം കൈയ്യിലെടുത്ത ബജ്രംഗ്ദൾ പ്രവർത്തകരെ തടയുന്നതിന് പകരം പൊലീസും, റെയിൽവേ അധികൃതരും അവർക്കൊപ്പം നിന്നതും ഞെട്ടലുളവാക്കുന്നതാണ്.
മണിപ്പൂരിൽ നിയമവാഴ്ച തകർത്ത് നടത്തിയ അക്രമങ്ങൾക്ക് കേന്ദ്ര സർക്കാർ മൂകസാക്ഷിയായിരുന്നു. ഗ്രഹാം സ്റ്റെയിൻസും സ്റ്റാൻ സ്വാമിയും മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരായി ക്രൂരമായ അക്രമങ്ങൾ നിർബാധം തുടരുന്നതായിഈ സംഭവം വ്യക്തമാക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യക്കടത്തെന്ന്
വിശ്വ ഹിന്ദു പരിഷത്
കൊച്ചി: കന്യാസ്ത്രീകൾ പ്രതികളായ കേസിനെപ്പറ്റി വസ്തുതകൾ മറച്ചുഹവച്ചാണ് സി.ബി.സി.ഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു.
മതപരിവർത്തനവും മനുഷ്യക്കടത്തും തടയാൻ നിയമമുള്ള സംസ്ഥാനമാണ് ഛത്തിസ്ഗഡ്. 1968ൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ധർമ്മ സ്വാതന്ത്ര്യ നിയമവും മനുഷ്യക്കടത്ത് നിയമവും പ്രകാരമാണ് കേസെടുത്തത്. സമ്മതമില്ലാതെയാണ് തന്നെ കൊണ്ടു പോകുന്നതെന്ന ഒരു പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
ഇന്ത്യയെ സുവിശേഷവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കേരളീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ മോശമായി ചിത്രീകരിക്കുന്നു.ആസൂത്രിത മതപരിവർത്തനത്തിന് ശ്രമിക്കുന്ന വ്യക്തികളെയും സംഘടനകളെയും പിന്തിരിപ്പിക്കണം. എന്തുണ്ടായാലും സംഘപരിവാറിന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |