ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിലെ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിൽ പ്രതിഷേധിച്ച് നാലംഗ കുടുംബം എൻ എസ് എസ് അംഗത്വം രാജിവച്ചു. ചങ്ങനാശ്ശേരി പുഴവാതിൽ സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി, മക്കളായ ആകാശ്, ഗൗരി എന്നിവരാണ് അംഗത്വം രാജിവച്ചത്.
കുടുംബത്തിന്റെ രാജിക്കത്ത് എൻ എസ് എസ് സെക്രട്ടറിക്കും പ്രസിഡന്റിനും നൽകിയിട്ടുണ്ട്. സുകുമാരൻ നായരുടെ രാഷ്ട്രീയ ചായ്‌വും പക്ഷപാതപരമായ അഭിപ്രായവുമാണ് രാജിക്ക് പിന്നിലെന്നാണ് കത്തിലുള്ളത്. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ജി സുകുമാരൻ നായർ നടത്തിയ സർക്കാർ അനുകൂല പരാമർശം ഏറെ ചർച്ചയായിരുന്നു.
ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതോടൊപ്പം യുഡിഎഫിനെയും ബിജെപിയേയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു.
കോൺഗ്രസിന്റേത് കള്ളക്കളിയാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തിയിരുന്നു. അവർക്ക് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ന്യൂനപക്ഷ വോട്ടുകൾ മാത്രമേ ആവശ്യമുള്ളൂ. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ലെന്നും പറഞ്ഞിരുന്നു. നിയമം കൊണ്ടുവരുമെന്ന ഉറപ്പ് കേന്ദ്രം പാലിച്ചില്ല. സ്ത്രീപ്രവേശന വിധിക്കെതിരെ എൻ എസ് എസ് നാമജപ ഘോഷയാത്ര നടത്തി. കോൺഗ്രസും ബിജെപിയും വിട്ടുനിന്നു. വിശ്വാസികൾ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. ആചാരങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
സുകുമാരൻ നായർക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. പത്തനംതിട്ടയിൽ അദ്ദേഹത്തിനെതിരെയുള്ള ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി സമുദായത്തെ പിന്നിൽ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്നുവെന്നാണ് ബാനറിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |