കുറച്ചുവർഷങ്ങൾക്ക് മുമ്പുവരെ ലോക ചെസിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാനായി ഒരു വിശ്വനാഥൻ ആനന്ദ് മാത്രമാണുണ്ടായിരുന്നത്. ഇന്നിപ്പോൾ പുരുഷ- വനിതാ വിഭാഗങ്ങളിൽ ഒരുപിടി ഇന്ത്യൻ ചെറുപ്പക്കാർ ചതുരംഗക്കളം കീഴടക്കിയിരിക്കുന്നു.ആ നിരയിലെ ഒടുവിലെ കണ്ണിയാണ് കഴിഞ്ഞദിവസം ജോർജിയയിലെ ബാത്തുമിയിൽ വനിതാ ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കിയ ദിവ്യാ ദേശ്‌മുഖ് എന്ന പത്തൊമ്പതുകാരി. വനിതാ ലോകകപ്പിന്റെ സെമിഫൈനലിൽപ്പോലും ഇതിനുമുമ്പ് ഇന്ത്യൻ താരങ്ങൾ എത്തിയിരുന്നില്ലെന്ന കുറവ്, ഫൈനലിൽ രണ്ട് ഇന്ത്യൻ താരങ്ങളുടെ ഏറ്റുമുട്ടലൊരുക്കി പലിശസഹിതം പരിഹരിച്ചാണ് ബാത്തുമിയിൽ ഇന്ത്യ തലയുയർത്തിയത്.
താൻ ജനിക്കുന്നതിനു മുന്നേ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ കൊനേരു ഹംപിയെന്ന അതുല്യപ്രതിഭയെ ഫൈനലിന്റെ ടൈബ്രേക്കറിൽ കീഴടക്കിയാണ് ദിവ്യ ലോകകപ്പ് സ്വന്തമാക്കിയത്.
റാപ്പിഡ് ഫോർമാറ്റിൽ നിലവിലെ ലോകചാമ്പ്യനായ ഹംപിയെ മറികടക്കുന്നതിനു മുമ്പ് പ്രായത്തിലും പരിചയത്തിലും റേറ്റിംഗിലും തന്നേക്കാൾ ബഹുദൂരം മുന്നിലുണ്ടായിരുന്ന താരനിരയെത്തന്നെ ദിവ്യ വെട്ടിവീഴ്ത്തിയിരുന്നു. ഗ്രാൻഡ്മാസ്റ്റർമാർ വാണരുളുന്ന ലോകകപ്പ് വേദിയിലേക്ക് ഇന്റർനാഷണൽ മാസ്റ്റർ മാത്രമായി രംഗപ്രവേശനം ചെയ്ത ദിവ്യ കിരീടം നേടുന്നതു വരെയുള്ള ഏഴ് റൗണ്ടുകളിൽ മൂന്നുതവണ ടൈബ്രേക്കറിന്റെ കടമ്പ കടന്നു. നാലാം റൗണ്ടിൽ ചൈനീസ് ഗ്രാൻഡ്‌മാസ്റ്റർ സു ജിനെറെയും ക്വാർട്ടർ ഫൈനലിൽ തന്റെ ഇരട്ടി പ്രായമുള്ള ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഹരികയേയുമാണ് ടൈബ്രേക്കറിൽ കീഴടക്കിയത്. സെമിയിൽ മുൻ ലോകചാമ്പ്യനായ ചൈനീസ് താരം ടാൻ സോംഗ്ഇയെ കീഴടക്കി. ഇതോടെ ലോകകപ്പിനാെപ്പം ഗ്രാൻഡ്മാസ്റ്റർ പദവിയും അടുത്തകൊല്ലം നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള യോഗ്യതയും ദിവ്യയെത്തേടിയെത്തി.
പത്തൊമ്പതു വയസ് തികയുന്നതിനു മുമ്പ് ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷും കൗമാരപ്രായത്തിൽത്തന്നെ വിസ്മയവിജയങ്ങൾ തീർത്ത പ്രഗ്നാനന്ദയും വൈശാലിയും അർജുൻ എരിഗേയ്സിയും പ്രണവ് വെങ്കിടേഷും മലയാളികളായ നിഹാൽ സരിനും എസ്.എൽ. നാരായണനുമൊക്കെച്ചേർന്ന് ഇന്ത്യൻ ചെസിന് സമീപകാലത്തു നൽകിയ ഉണർവ് ചെറുതല്ല. ദിവ്യ കിരീടമണിഞ്ഞ ജോർജിയയിലെ ബാത്തുമിയിൽ ഈമാസം തന്നെ നടന്ന ജൂനിയർ ലോകകപ്പിൽ പത്തുവയസു തികയുംമുമ്പ് കിരീടം നേടിയ മലയാളി കൊച്ചുമിടുക്കി ദിവി ബിജേഷ് അടക്കമുള്ള ഭാവിതലമുറയും അന്താരാഷ്ട്ര ചെസ് രംഗത്ത് ഇനി ഇന്ത്യയുടെ കാലമാണെന്ന് ഉറപ്പിച്ചുപറയുകയാണ്.
ലോക ചെസിൽ സമീപവർഷങ്ങളിൽ ഇന്ത്യയുടെ പടയോട്ടംതന്നെയായിരുന്നു. ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ കൗമാരതാരങ്ങൾ മുന്നിൽ അണിനിരന്ന ഇന്ത്യൻ പുരുഷ - വനിതാ ടീമുകൾ സ്വർണത്തിൽ മുത്തമിട്ടതും ഡിംഗ് ലിറെനെ വീഴ്ത്തി ഡി. ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായതും കൊനേരു ഹംപി ലോക റാപ്പിഡ് ചാമ്പ്യനായതുമൊക്കെ 2024-ലാണ്. അതിന്റെ തുടർച്ചയെന്നോണമാണ് ഈ വർഷം ദിവിയും ദിവ്യയും ഉൾപ്പടെയുള്ള താരങ്ങളുടെ ലോകകപ്പ് നേട്ടവും പ്രണവ് വെങ്കിടേഷിന്റെ ജൂനിയർ ലോകചാമ്പ്യൻഷിപ്പ് കിരീടവും.
ചെസ് ബോർഡിലേക്ക് കൂടുതൽ കുരുന്നുകളെ കൈപിടിച്ചു കയറ്റാൻ ദിവ്യയുടെ നേട്ടം പ്രചോദനമാകും. കേരളത്തിലും നിരവധി ചെസ് പ്രതിഭകളുണ്ട്. അന്തർദ്ദേശീയതലത്തിൽ അവർ മികവുകൾ പ്രകടിപ്പിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രൈസ് മണി നൽകുന്ന ചെസ് ലീഗിന് കേരളത്തിൽ സാക്ഷാത്കാരം നൽകാനുള്ള പരിശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്. അതേസമയം, അധികാരത്തർക്കത്തിന്റെ പേരിൽ വിഘടിച്ചു നിൽക്കുന്ന അസോസിയേഷൻ കളികളിൽ കേരളത്തിലെ കളിക്കാരുടെ ഭാവി കൂമ്പടഞ്ഞുപോകരുതെന്നു കൂടി ഓർമ്മിപ്പിക്കേണ്ടതുണ്ട്. സ്കൂളുകളിലും വായനശാലകളിലും നഗരകേന്ദ്രങ്ങളിലും ചെസ് കളിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ സർക്കാരിന്റെ അനുഭാവപൂർണമായ നിലപാടുണ്ടാകണം. ചെസ് ബോർഡിനും കരുക്കൾക്കും വലിയ ചെലവില്ലെങ്കിലും അന്താരാഷ്ട്ര രംഗത്തേക്ക് എത്തുമ്പോൾ വിദഗ്ദ്ധ വിദേശ പരിശീലനത്തിന് ലക്ഷങ്ങൾ വേണ്ടിവരുന്ന കളിയാണ് ചെസ് എന്നു തിരിച്ചറിഞ്ഞ് സർക്കാരും സ്വകാര്യ സ്പോൺസർമാരും താരങ്ങൾക്ക് താങ്ങാവുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |