ഹൊററും ത്രില്ലറും
ഫാന്റസിയും ട്രാവലും യൂത്ത് വൈബുമായി
6 സിനിമകൾ ആഗസ്റ്റ് 1ന്
ആഗസ്റ്റ് 1ന് 6 മലയാള ചിത്രങ്ങൾ തിയേറ്ററിൽ. മാളികപ്പുറം ടീം ഒരുമിക്കുന്ന സുമതിവളവ് പ്രേക്ഷകരെ പേടിപെടുത്താനും രസിപ്പിക്കാനും എത്തുന്നു. അർജുൻ അശോകൻ, ഗോകുൽ സുരേഷ്, ബാലുവർഗീസ്, ശിവദ, ഗോപിക അനിൽ, സിജ റോസ് തുടങ്ങി മുപ്പത്തിഅഞ്ചിൽപ്പരം താരങ്ങൾ അണിനിരക്കുന്നു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഭിലാഷ് പിള്ള ആണ് രചന. ശ്രീ ഗോകുലംമുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും വാട്ടർ മാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്തും ചേർന്നാണ് നിർമ്മാണം.
നിശൂഢത നിറഞ്ഞ ഇതിവൃത്തവുമായാണ് മീശ എത്തുന്നത്. തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ, സുധികോപ്പ, ജിയോ ബേബി, ഉണ്ണിലാലു എന്നിവരെ പ്രധാന കഥാപാത്രമാക്കി എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച മീശ സസ്പെൻസ് ഡ്രാമ ആണ്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്നു.
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി നവാഗതനായ ദീപക് സിയോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ദ പ്രൈവറ്റ് ട്രാവൽ മൂവി ഗണത്തിൽപ്പെടുന്നു. സി ഫാക്ടൽ ദ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വി.കെ. ഷബീർ നിർമ്മിക്കുന്നു.
കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഫാന്റസി ത്രില്ലർ ചിത്രമാണ് രാജകന്യക. വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആത്മീയരാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, മെറീന മൈക്കിൾ, ഡയാന ഹമീദ് തുടങ്ങി നീണ്ട താരനിരയുണ്ട്. വൈസ് കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം നിർമ്മിക്കുന്നു.
പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമൽ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്ചങ്ങായി.
ശ്രീലക്ഷ്മി ആണ് നായിക. ഭഗത് മാനുവൽ, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഐവ ഫിലിംസിന്റെ ബാനറിൽ വാണിശ്രീ ആണ് നിർമ്മാണം.
കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, പ്രേം നായർ ,ജ്വൽ മനീഷ്, പളുങ്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ്. വിനയൻ സംവിധാനം ചെയ്യുന്ന തയ്യൽ മെഷീൻ ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഗോപ്സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |