ചേർത്തല : വീട്ടു വളപ്പിൽ നിന്ന് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വസ്തു ഇടനിലക്കാരൻ പള്ളിപ്പുറം ചെങ്ങുംതറ വീട്ടിൽ സെബാസ്റ്റ്യൻ (65) റിമാൻഡിൽ. കൊലക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
ദുരൂഹ സാഹചര്യത്തിൽ ഏറ്റുമാനൂർ കോട്ടമുറി ജൈനമ്മയെ (48) 2024 ഡിസംബർ 23 മുതൽ കാണാതായതുമായി ബന്ധപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യൻ കുടുങ്ങിയത്. സെബാസ്റ്റ്യന്റെ ഭാര്യ വീട് ഏറ്റുമാനൂരിലാണ്. ഇവിടെ വച്ച് ഇയാൾ ജൈനമ്മയുമായി പരിചയത്തിലായിരുന്നു. ജൈനമ്മയുടെ മൊബൈൽ ഫോണിന്റെ ടവർ ലോക്കേഷൻ പള്ളിപ്പുറം കേന്ദ്രീകരിച്ചാണെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ,സെബാസ്റ്റ്യന്റെ വീടിന്റെ തെക്കു ഭാഗത്ത് കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യ അസ്ഥികൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. ജൈനമ്മയുടെ 11 പവന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇത് പണയം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനുമായി ബന്ധമുള്ള രണ്ട് ചേർത്തല സ്വദേശികളെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. വസ്തു ഇടനിലക്കാരനും വാഹന കച്ചവടക്കാരനുമായ മനോജ്, സെബാസ്റ്റ്യന്റെ സഹായിയും ഓട്ടോ ഡ്രൈവറുമായ മനോജ് എന്നിവരെയാണ് വിട്ടയച്ചത്. അസ്ഥികൾ ജൈനമ്മയുടേതാണോ എന്നറിയാൻ ഡി.എൻ.എ പരിശോധന വേഗത്തിലാക്കും. ജൈനമ്മയുടെ സഹോദരങ്ങളായ സാവിയോമാണിയുടെയും ആൻസിയുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു.കിട്ടിയ അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി.സാരഥി, ഡിവൈ.എസ്.പി സ്റ്റാലിൻ സേവ്യർ, സി.ഐ എം.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
മറ്റൊരു തിരോധാന
കേസിലും പ്രതി
ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭനെ (53) കാണാതായ കേസിലും സെബാസ്റ്റ്യൻ ഒന്നാം പ്രതിയാണ്. ലഭിച്ച അവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാലേ കാണാതായ രണ്ട് സ്ത്രീകളിലാരുടെയെങ്കിലുമാണോയെന്ന് തിരിച്ചറിയാനാവൂ.
2013 ആഗസ്റ്റിനു ശേഷം കടക്കരപ്പള്ളി ആലുങ്കൽ പദ്മനിവാസിൽ ബിന്ദുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സഹോദരൻ പ്രവീൺ 2017 സെപ്തംബർ 16നാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ ഉൾപ്പെടെ 11 പേരെ പിടി കൂടിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |