പിടികൂടിയത് രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ
വെള്ളമുണ്ട: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപരിക്കേല്പിച്ച ശേഷം ഒളിവിൽപോയയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വെള്ളമുണ്ട, മൊതക്കര, കൊട്ടാരക്കുന്ന്, കൊച്ചാറ ഉന്നതിയിലെ എസ്.കെ. രാജു (33) വിനെയാണ് വെള്ളമുണ്ട ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി വെട്ടുകത്തികൊണ്ട് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് നടത്തിയ തെരച്ചിലിൽ ഞായറാഴ്ച രാവിലെ പൂല്ലോറയിലുള്ള തോട്ടത്തിൽ വെച്ച് കണ്ടെത്തുകയായിരുന്നു. ഇയാൾ മുൻപും ആക്രമിച്ചു പരിക്കേല്പിക്കൽ, അടിപിടി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊച്ചാറ ഉന്നതിയിൽ താമസിച്ചുവരുന്ന ഭാര്യ ആതിരയേയും മാതാവ് മാധവിയെയും ഇയാൾ വെട്ടിപരിക്കേല്പിച്ചത്. ആതിരയുടെ കൈപ്പത്തിക്കും ഷോൾഡറിനും ഗുരുതര പരിക്കേറ്റു. പിടിച്ചു മാറ്റാൻ ചെന്ന മാധവിക്ക് നെറ്റിയിലും വിരലിലും പരിക്കേറ്റു. ഇരുവരും മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾ നിരന്തര മദ്യപാനിയും ഭാര്യയെ ദേഹോപദ്രവമേൽപ്പിക്കുന്നയാളുമാണ്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ബിജു ആന്റണി, സബ് ഇൻസ്‌പെക്ടർ വി.എൻ അജീഷ്, എ.എസ്.ഐമാരായ കെ. അനൂപ്, വിൽമ ജൂലിയറ്റ്, എസ്.സി.പി.ഓ മാരായ അനസ്, സന്ദീപ്, സി.പി.ഓ മാരായ ശശി, സച്ചിൻ, ദീപു, വിജിത്ത്, മിഥുൻ, സിബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |