തിരുവനന്തപുരം: ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായുള്ള ചർച്ച ഇന്നലെ പൂർത്തിയായി.ഇനി കോൺഗ്രസ് എം.പിമാരുമായാണ് ആശയ വിനിമയം . പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഡൽഹിയിലെത്തിയുള്ള ചർച്ചയും പരിഗണനയിലുണ്ട്. ആഗസ്റ്റ് രണ്ടാം വാരത്തോടെ ഡി.സി.സി നേതൃമാറ്റത്തിൽ തീരുമാനമാവുമെന്നാണ് സൂചന.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായി കഴിഞ്ഞ ദിവസം സംസാരിച്ചു. പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരായ വി.എം.സുധീരൻ, കെ.മുരളീധരൻ, എം.എം.ഹസ്സൻ എന്നിവരെയും കണ്ടു. അടുത്ത സമയത്ത് ചുമതലയേറ്റ തൃശൂർ ഒഴികെ മറ്റ് എല്ലാ ഡി.സി.സികളിലും മാറ്റം വേണമെന്നും , ഒമ്പത് ഡി.സി.സികളിൽ മാത്രം മാറ്റം മതിയെന്നുമുള്ള അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ ആദ്യം ധാരണയാവണം. എം.പിമാരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം പട്ടിക തയ്യാറാക്കി എ.ഐ.സി.സിക്ക് സമർപ്പിക്കും. .
തൃശൂരിന് പുറമെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം ഡി.സി.സി അദ്ധ്യക്ഷന്മാരെയും മാറ്റേണ്ടതില്ലെന്നതാണ് കൂടുതൽ നേതാക്കളുടെ അഭിപ്രായം. കെ.സുധാകരനുമായി ഏറെ അടുപ്പമുള്ളയാളും നല്ല നിലയിൽ സംഘടനാ പ്രവർത്തനം
നടത്തുന്നയാളുമാണ് കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്.
ബ്ളോക്ക് തലത്തിലെ പ്രവർത്തനവും ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണം ഭംഗിയായി പൂർത്തിയാക്കിയതുമാണ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ .പ്രവീൺ കുമാറിന് അനുകൂല ഘടകം. നിലമ്പൂർ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അൻവറിന്റെ വെല്ലുവിളി അതിജീവിക്കാൻ നടത്തിയ നീക്കങ്ങളും മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ വി .എസ് ജോയിക്ക് ഗുണമായി. സമര മുഖങ്ങളിൽ സജീവമായി ഇടപെടുന്ന യുവനേതാവാണ് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |