കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും കേരള സർവകലാശാല അംഗീകരിച്ചു.ഇന്നലെ ചേർന്ന പ്രത്യേക ഡീൻ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം.യു.ജി.സി റെഗുലേഷൻസ് 2020ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്.ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പോലുള്ള യു.ജി.സി അംഗീകരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റ് സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുണ്ട്.എന്നാൽ കേരള സർവകലാശാലയിലെ ബി.എഡ് പ്രവേശനത്തിന് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പി.ജിക്ക് ഇക്വലൻസിയില്ലെന്ന പേരിൽ വെയിറ്റേജ് നിഷേധിച്ചു.ഇത് ആശങ്ക സൃഷ്ടിച്ചതോടെ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജും അക്കാഡമിക് ആൻഡ് റിസർച്ച് കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ ഡോ.എം.ജയപ്രകാശും കഴിഞ്ഞ ദിവസം കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മലിനെ നേരിൽ കണ്ടു. തുടർന്നാണ് അടിയന്തര ഡീൻ കൗൺസിൽ ചേർന്നത്.
വിഷയത്തിൽ കേരള സർവകലാശാല ദ്രുതഗതിയിൽ തീരുമാനമെടുത്തത് ചരിത്രപരമാണ്. വൈസ് ചാൻസലർക്ക് നന്ദി. എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും പി.എസ്.സി, യു.പി.എസ്.സി പരീക്ഷകൾക്കും ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദം അംഗീകൃതമാണ്.
ഡോ. വി.പി.ജഗതിരാജ്, വൈസ് ചാൻസലർ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |