തിരുവനന്തപുരം: പ്രകൃതി ക്ഷോഭവും കെടുതിയും കാരണം അദ്ധ്യയനം വ്യാപകമായി മുടങ്ങുന്ന പശ്ചാത്തലത്തിൽ, ജൂൺ, ജൂലായ് മാസങ്ങളിലേക്ക് വിദ്യാലയങ്ങളുടെ അവധിക്കാലം മാറ്റണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ മുന്നോട്ടുവച്ച നിർദ്ദേശം ചർച്ചയായി മാറി.
കനത്ത മഴ കാരണം ജൂൺ - ജൂലായിൽ അവധിനൽകേണ്ടി വരുന്നതിലൂടെ പഠനദിനങ്ങൾ കുറയുന്നു. ഈ സാഹചര്യത്തിലാണ് അവധിമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കടുത്ത ചൂടുള്ള മേയും മഴയുള്ള ജൂണും ചേർത്ത് അവധിക്കാലം ക്രമീകരിക്കണമെന്ന ബദൽ നിർദ്ദേശവും ഉയരുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലെ അവധി ഒഴിവാക്കുന്നത് കുട്ടികൾക്ക് കായിക വിനോദങ്ങൾക്കുള്ള അവസരമില്ലാതാക്കുമെന്നും മഴക്കാലത്ത് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നും വിമർശനമുണ്ട്. മൊബൈൽ ദുരുപയോഗത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും അഭിപ്രായമുണ്ട്.
വേനൽക്കാലത്ത് കുട്ടികളെ ക്ളാസ് മുറികളിലിരുത്തുന്നതിന്റെ ദോഷം, ശുദ്ധജലക്ഷാമംഎന്നിവയും ചർച്ചയായിട്ടുണ്ട്. മൺസൂണിൽ സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കില്ലെന്നതാണ് മറ്റൊരു എതിരഭിപ്രായം. കുട്ടികൾ മഴക്കാലത്ത് വീട്ടിലിരിക്കുന്നതാണ് സുരക്ഷിതമെന്ന് അഭിപ്രായമുള്ള രക്ഷിതാക്കളുമുണ്ട്.
കേരളത്തിന് പുറത്ത് ജൂൺ അവധി
കേന്ദ്രീയ വിദ്യാലയങ്ങൾക്ക് വേനലവധി മേയും ജൂണും
നവോദയ സ്കൂളുകൾക്ക് ജൂണും ജൂലായും
കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾക്കും നവോദയ സ്കൂളുകൾക്കും ഏപ്രിലും മേയും അവധി
'വിദഗ്‌ദ്ധരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കണം. ചൂടുകാലത്തെ ക്ളാസുകൾ ആരോഗ്യത്തെ ബാധിക്കുമോ, മഴക്കാലത്ത് സ്കൂൾകെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടക്കുമോ എന്നിവയും ചർച്ചചെയ്യണം".
- കെ.വി, മനോജ് കുമാർ,
ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ
'ക്ളാസിൽ നിന്നാണ് രോഗങ്ങൾ പകരുന്നത്. അതിനാൽ മഴക്കാല അവധി നല്ലതാണ്. കളിക്കാൻ അവസരമില്ലാത്തതിനാൽ ആരോഗ്യവും ഉന്മേഷവും കുറയും".
- ശ്രീജിത്ത് കുമാർ കെ.സി, പീഡിയാട്രീഷ്യൻ, മെഡി. കോളേജ്, തിരുവനന്തപുരം
'വേനൽക്കാലത്ത് വൈകുന്നേരങ്ങളിൽ കളികളിലും വ്യായാമങ്ങളിലും ഏർപ്പെടാം. മഴക്കാലത്ത് ഡിജിറ്റൽ അടിമത്തം കൂടും".
- ഡോ. അരുൺ ബി.നായർ, സൈക്യാട്രിസ്റ്റ്
'കടുത്തചൂടും കുടിവെള്ളക്ഷാമവും മൂലമാണ് ഏപ്രിൽ, മേയ് മാസങ്ങൾ അവധിയാക്കിയത്. അസഹ്യമായ ചൂടിൽ എങ്ങനെയാണ് ക്ലാസ് നടത്തുക".
-കെ. അബ്ദുൾ മജീദ്, പ്രസിഡന്റ് കെ.പി.എസ്.ടി.എ
'അഭിപ്രായം ശേഖരിക്കാനാണ് വിദ്യാഭ്യാസമന്ത്രി ഫേസ് പോസ്റ്റിട്ടത്. ശാസ്ത്രീയപഠനത്തിലൂടെ ഗുണദോഷങ്ങൾ ബോദ്ധ്യപ്പെട്ടശേഷമേ തീരുമാനമെടുക്കാവൂ".
-എ. നജീബ്, സംസ്ഥാന സെക്രട്ടറി കെ.എസ്.ടി.എ
'വേനൽക്കാലത്ത് സ്പെഷൽക്ളാസ് വിലക്കുന്നതും വെയിലിലെ ജോലികൾക്ക് സമയം നിശ്ചയിക്കുന്നതുമൊക്കെ കൊടുംചൂടിനെ പ്രതിരോധിക്കാനല്ലേ".
- വാണിദേവി, സൈക്കോളജിസ്റ്റ്
'എതിർപ്പില്ല. ചർച്ചകൾ നടത്തി സമവായത്തിലൂടെയേ നടപ്പാക്കാവൂ".
- മണി കൊല്ലം, പ്രൈവറ്റ് എയ്ഡഡ് സ്കൂൾ, മാനേജ്മെന്റ് അസോ.
'മഴക്കെടുതികളുടെ കാലമായതിനാൽ അവധിക്കാലം ജൂൺ- ജൂലായാണ് നല്ലത്".
- വി. ശ്രീവിദ്യ, രക്ഷിതാവ്, കായംകുളം
'മേയ് - ജൂൺ അവധി നൽകുന്നതാണ് മാതൃകാപരം. കളിക്കാൻ വേനൽദിനങ്ങൾ ലഭിക്കുന്നതിനൊപ്പം കടുത്തമഴയിൽ കുട്ടികൾക്ക് വീട്ടിലിരിക്കാമല്ലോ"
-ചിത്ര നാരായണൻ, രക്ഷിതാവ്, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |