അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് നേരിട്ട് പാല്‍ കൊടുക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍. മുലപ്പാല്‍ മാത്രമായോ, മറ്റു ഭക്ഷണങ്ങളോടൊപ്പമോ നല്‍കാവുന്നതാണ്. നവജാത ശിശുക്കള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും അതുപോലെ തന്നെ അമ്മയ്ക്കും നിരവധി ആരോഗ്യ ഗുണങ്ങള്‍ മുലയൂട്ടലിലൂടെ സാദ്ധ്യമാകുന്നു. ഒരു കുഞ്ഞിന് ജനിച്ച് ആദ്യത്തെ ആറു മാസം ആവശ്യമായ പോഷകങ്ങള്‍ (കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍, മിനറല്‍സ് തുടങ്ങിയവ) മുലപ്പാലില്‍ നിന്ന് ലഭിക്കുന്നു.
മുലയൂട്ടിനെ തരം തിരിക്കാം
1. എക്‌സ്‌ക്ലൂസീവ് ബ്രസ്റ്റ് ഫീഡിംഗ്
കുഞ്ഞിന് ആദ്യത്തെ ആറു മാസം മുലപ്പാല്‍ മാത്രം നല്‍കുന്ന രീതി. വെള്ളം, പാലിനു പകരം കൊടുക്കുന്ന പൊടികള്‍, മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ ഈ കാലയളവില്‍ കുഞ്ഞിന് നല്‍കാന്‍ പാടില്ല.
2. കോംപ്ലിമെന്ററി ഫീഡിംഗ്
ആറുമാസത്തിനുശേഷം മുലപ്പാല്‍ കൂടാതെ മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കുന്നു.
3. ആവശ്യാനുസരണമുള്ള ഫീഡിംഗ് (On-demand Feeding)
വിശപ്പിന്റെ സൂചനകള്‍ കുഞ്ഞില്‍ കാണുമ്പോഴോ കുഞ്ഞ് ആവശ്യപ്പെടുമ്പോഴോ മുലയൂട്ടുന്ന രീതിയാണിത്.
മുലയൂട്ടലിന്റെ ഗുണങ്ങള്‍
കുഞ്ഞിന്
ആദ്യത്തെ ആറു മാസം കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിലൂടെ ലഭിക്കുന്നു.
കര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന IgA ആന്റിബോഡീസ് മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.
വയറിളക്കം, ന്യുമോണിയ, ആസ്ത്മ, പ്രമേഹം, അമിതവണ്ണം എന്നിവ ബാധിക്കുന്നതിന്റെ സാദ്ധ്യത കുറയ്ക്കുന്നു.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാവുകയും വൈകാരിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
അമ്മയ്ക്ക്
ഗര്‍ഭപാത്രം contract ആകാന്‍ സഹായിക്കുന്നത് വഴി പ്രസവത്തിന് ശേഷമുള്ള രക്തസ്രാവം കുറയ്ക്കുന്നു.
സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയുടെ സാദ്ധ്യത കുറയ്ക്കുന്നു.
അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നു.
ബ്രസ്റ്റ് ഫീഡിംഗ് റിഫ്‌ളക്‌സസ്
കുഞ്ഞുങ്ങളെ ഫലപ്രദമായി മുലയൂട്ടാനും അമ്മമാര്‍ക്ക് പാല്‍ ഉണ്ടാകുന്നതിനും ബ്രസ്റ്റ് ഫീഡിംഗ് റിഫ്‌ളക്‌സസ് അനിവാര്യമാണ്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന വേളയില്‍ മുലക്കണ്ണ് മനസ്സിലാക്കി കൃത്യമായി പാല്‍ വലിച്ച് കുടിക്കാന്‍ സഹായകമാകുന്നത് റൂട്ടിംഗ് റിഫ്‌ളക്‌സ് മൂലമാണ്. 'Let down' റിഫ്‌ളക്‌സ് എന്നത് പാല്‍ ഉണ്ടാകുന്നതിനും milk duct ല്‍ നിന്നും പുറത്തേക്ക് വരുന്നതിനും കാരണമാകുന്നു.
ഫലപ്രദമായി മുലയൂട്ടല്‍ നടക്കുന്നതിന്റെ ലക്ഷണങ്ങള്‍
കുഞ്ഞ് സുഖകരമായി പറ്റിച്ചേര്‍ന്ന് പാല്‍ കുടിക്കുക.
പാല്‍ വലിച്ചെടുത്ത് കുടിക്കുമ്പോള്‍ കൃത്യമായി ശ്വസനം സാധിക്കുന്നു.
കുഞ്ഞിന്റെ ശരീരഭാരം കൃത്യമായ രീതിയില്‍ കൂടുന്നു.
മുലയൂട്ടുന്ന സമയത്ത് സാധാരണയായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍
മുലക്കണ്ണ് വേദന
കാരണം: ശരിയായ രീതിയില്‍ പാല്‍ കുടിക്കാതെ വരുമ്പോള്‍, അടിയ്ക്കടി മുലയൂട്ടുമ്പോള്‍.
നീര്‍ക്കെട്ട്
കാരണം: കൃത്യമായ ഇടവേളകളില്‍ പാല്‍ കൊടുക്കാന്‍ സാധിക്കാതെ വരിക, Ductല്‍ തടസം നേരിടുമ്പോള്‍.
സ്തനവീക്കം
കാരണം: മുലക്കണ്ണ് പൊട്ടി അണുബാധ ഉണ്ടാകുമ്പോള്‍.
പാല്‍ കുറവാകുന്ന അവസ്ഥ
കാരണം: കൃത്യമായ ഇടവേളകളില്‍ പാല്‍ കൊടുക്കാന്‍ സാധിക്കാതിരിക്കുക, മാനസിക പിരിമുറുക്കം.
എല്ലാത്തിനുമുപരി മുലയൂട്ടുന്ന അമ്മയ്ക്ക് മാനസിക പിന്തുണ നല്‍കുകയാണ് പ്രധാനം. മുലയൂട്ടല്‍ എന്നത് പൂര്‍ണ്ണമായും അമ്മയേയും കുഞ്ഞിനെയും മാത്രം സംബന്ധിക്കുന്നതല്ല, മറിച്ച് അമ്മയ്ക്ക് വേണ്ട മാനസിക പിന്തുണയും, ഭക്ഷണക്രമവും, കൃത്യമായ ഉറക്കവും ഒക്കെ ഉറപ്പാക്കേണ്ടത് കുടുംബാംഗങ്ങളും, പരിചരണം നല്‍കുന്നവരുമാണ്. ഇത്തരത്തില്‍ പിന്തുണയ്ക്കുന്നത് വഴി അമ്മയുടെയും കുഞ്ഞിന്റെയും സമൂഹത്തിന്റെയും ആരോഗ്യം ഉറപ്പാക്കുന്നു.
എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം ആദ്യ വാരം ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ 'തീം' ആയി ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തത് 'മുലയൂട്ടലിന് മുന്‍ഗണന നല്‍കുക: സുസ്ഥിര പിന്തുണാ സംവിധാനങ്ങള്‍ സൃഷ്ടിക്കുക' ('Prioritize Breastfeeding: Create Sustainable Support Systems') എന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒക്കെ പാലിച്ച് മുന്നോട്ടു പോവുകയാണെങ്കില്‍ കുഞ്ഞുമായുള്ള നിങ്ങളുടെ ആദ്യകാല ഓര്‍മ്മകള്‍ മധുരം നിറഞ്ഞതാക്കാം.
Reshmi Mohan A
Child Developmental Therapist
SUT Hospital, Pattom,TVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |