ആറ്റിങ്ങൽ:അപൂർവയിനം ഫലവൃക്ഷ ജൈവക്കൃഷിയിൽ പുതുമകൾ തേടി പ്രവാസിയായ ആറ്റിങ്ങൽ രവിവർമ്മ സ്വദേശി സുരേഷ്. അറുപതോളം ഇനങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട്, ദുരിയാൻ, മാംഗോസ്റ്റിൻ, അവക്കാഡോ, റംബുട്ടാന്റെ വിവിധ ഇനങ്ങൾ, തേനീച്ചക്കൃഷി,റെഡ് ലേഡി പപ്പായ,നാടൻ ഇനങ്ങളായ മുള്ളാത്തി,സീതപ്പഴം... അങ്ങനെ നീളുന്നു സുരേഷിന്റെ കൃഷിയിലെ പുതുമ. 8 വർഷം മുൻപാണ് കൈപ്പറ്റിമുക്കിലെ വാമനപുരം നദിക്കരയിലെ രണ്ടേക്കർ ഭൂമിയിൽ സുരേഷ് ഡ്രാഗൻ കൃഷി ആരംഭിച്ചത്. ആദ്യം പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല.കൃഷി നഷ്ടം.
പിന്നെ ഡ്രാഗന്റെ വിവിധയിനങ്ങളായ ബ്രൂണി,ഷുഗർ ഡ്രാഗൻ,വിയറ്റ്നാം വൈറ്റ്,തായ് ഹണി,ലമൺഓറഞ്ച്, നിപാ ബോ തുടങ്ങിയവ വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തി കൃഷിയാരംഭിച്ചു. നാട്ടിൽ അപൂർവമായ മഞ്ഞയുടെ വിവിധയിനങ്ങൾ,വൈലറ്റ് തുടങ്ങിയവ ഇന്ന് സുരേഷിന്റെ തോട്ടത്തിലുണ്ട്.
ചില ഡ്രാഗൺ മഞ്ഞയ്ക്കും,വയലറ്റിനും കിലോയ്ക്ക് ആയിരത്തിന് മുകളിൽ മാർക്കറ്റിൽ വിലയുണ്ട്.എന്നാൽ രണ്ടിനും ഫംഗസ് രോഗബാധ വരാതെ നോക്കണം.രണ്ട് വർഷം മുൻപ് നട്ട ദുരിയാനും വിളവെടുത്ത് തുടങ്ങി. ഇതിനും കിലോയ്ക്ക് ആയിരത്തിന് മുകളിൽ വിലയുണ്ട്.റംബൂട്ടാന്റെ പത്തോളം ഇനങ്ങൾ വിളവെടുത്തുകഴിഞ്ഞു. ദുരിയാന് ആവശ്യക്കാർ ഏറെയാണ്. വില കൂടിയ ഫ്രൂട്‌സിന് വിപണി കണ്ടെത്തുന്നത് യുട്യൂബ്, ഓൺലൈൻ തുടങ്ങിയ സോഷ്യൽ മീഡിയ വഴിയാണ്.
രാവിലെതന്നെ സുരേഷ് കൃഷി സ്ഥലത്തെത്തും. കൃഷിയിലെ പരാഗണം സുഗമമാക്കുന്നതിന് വേണ്ടിയാണ് തേനീച്ചകളെ വളർത്തുന്നത്. നല്ല പരാഗണം നടന്നാൽ വിളവ് നല്ലതായിരിക്കും. പ്രദേശത്ത് മരപ്പട്ടികളുടെ ശല്യം ഏറെയുണ്ടെന്നും സുരേഷ് പറഞ്ഞു.നദിക്കരയായതിനാൽ ജല ദൗർലഭ്യം തീരെയില്ല. കൃഷിയുടെ വിജയത്തിനായി മാർഗനിർദ്ദേശങ്ങളുമായി മുദാക്കൽ കൃഷിഭവനും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |