മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആവിഷ്ക്കരിച്ചു വരികയാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പിഴ ചുമത്താൻ തീരുമാനിച്ചിരുന്നു. അത് കുറെയൊക്കെ ഫലപ്രദമാവുകയും ചെയ്തു. ഇപ്പോൾ ഉറവിടത്തിൽ തന്നെ മാലിന്യസംസംസ്കരണം നടത്തുന്നവർക്ക് കെട്ടിട നികുതിയിൽ അഞ്ചുശതമാനം ഇളവ് അനുവദിക്കാനും ആലോചിക്കുകയാണ്. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും എന്ന് ഞങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതാത് തദ്ദേശ സ്ഥാപനങ്ങൾക്കാകും നികുതി ഇളവ് അനുവദിക്കാനുള്ള ഉത്തരവാദിത്വം. സുപ്രധാനമായ ഒരു തീരുമാനമാണിത്. മാലിന്യ സംസ്കരണം ഒരു യത്നം പോലെ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുന്ന മന്ത്രി എം.ബി. രാജേഷിനെയും അദ്ദേഹത്തിന്റെ വകുപ്പിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരെയും ഞങ്ങൾ അഭിനന്ദിക്കുകയാണ്.
ചെറിയ വീടുകൾക്കുപോലും അനുയോജ്യമായ കിച്ചൻബിൻ, കൂടുതൽ മാലിന്യം സംസ്കരിക്കേണ്ട വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നവർക്കാണ് നികുതി ഇളവിനു അർഹതയുണ്ടാവുക. മാലിന്യം വലിച്ചെറിയുന്നവർക്കു പിഴ ചുമത്തുന്നതിനൊപ്പം നല്ല രീതിയിൽ മാലിന്യസംസ്കരണം നടത്തുന്നവർക്ക് പ്രോത്സാഹനം നൽകാനുള്ള ഈ തീരുമാനം പ്രാവർത്തികമാകണമെങ്കിൽ പൊതുജനങ്ങൾ തന്നെ മുൻകൈയെടുക്കേണ്ടതുണ്ട്. മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നത് ഹരിതകർമ്മസേനയായിരിക്കും.
മാലിന്യ സംസ്കരണത്തെക്കുറിച്ച് ശുചിത്വ മിഷൻ 94.58 ലക്ഷം വീടുകളിൽ സർവേ നടത്തിയതിൽ 25.12ലക്ഷം വീടുകളിൽ മാത്രമേ ഉറവിട മാലിന്യ സംസ്കരണം നടത്തുന്നുള്ളുവെന്ന് കണ്ടെത്തിയിരുന്നു.
മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നതിനായി നൽകുന്ന കിച്ചൺ ബിൻ പലരും ചെടിനടാനും മറ്റു ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. കിച്ചൺബിൻ ചെടിച്ചട്ടിയാക്കുന്നത് തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണ്. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണം. അതേസമയം മാലിന്യം കമ്പോസ്റ്റാകുന്ന മിശ്രിതമായ ഇനോകുലം കൃത്യമായി ലഭ്യമാക്കുന്നതിൽ വീഴ്ച വരാനും പാടില്ല. കിച്ചൺ ബിൻ ഉപയോഗിക്കാത്തവർ പ്രധാനമായും പറയുന്ന പരാതി ഇനോകുലത്തിന്റെ അഭാവമാണ്.
വീടുകളിൽ മാലിന്യ സംസ്കരണം നിറവേറ്റുന്നതിനൊപ്പം തന്നെ പൊതു സ്ഥലങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ ഉണ്ടാകാതെ നോക്കാനും ശ്രമിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കുറേക്കൂടി ഊർജ്ജസ്വലമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പല രോഗങ്ങൾക്കും കാരണമാകുന്ന കൊതുകുകൾ പെറ്റു പെരുകാൻ ഇടയാകുന്നത് പൊതു ഇടങ്ങളിൽ അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും സംസ്കരിക്കുന്നതിലും സംഭവിക്കുന്ന പാകപ്പിഴയാണ്. പൊതു ഇടങ്ങളിലെ മാലിന്യക്കൂനകളുടെ ഫോട്ടോ എടുത്തയച്ചാൽ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഒരു ആപ്പും തയ്യാറാക്കിയിരുന്നു. വാട്ട്സാപ്പ് നമ്പരും നൽകിയിട്ടുണ്ട്. ഫോട്ടോയിൽ മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രമോ വാഹന നമ്പരോ ഉണ്ടെങ്കിൽ എടുത്തയച്ചയാൾക്ക് പാരിതോഷികം നൽകുകയും ചെയ്യും.
ബ്രഹ്മപുരത്ത് മുമ്പ് നടന്ന തീപിടിത്തവും പുകയും നമ്മൾക്കു മുന്നിലുള്ള ഒരു പാഠമായിരുന്നു. എന്നാൽ കൊച്ചി മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരം ഇന്നൊരു മാതൃകായിടമാക്കി മാറ്റി. കളിസ്ഥലവും പൂന്തോട്ടവും ഒക്കെയായി ബ്രഹ്മപുരം സൃഷ്ടിച്ച ശൈലി അനുകരണീയമാണ്. മാലിന്യ മുക്ത കേരളം പ്രാവർത്തികമാക്കാൻ സർക്കാരും പൊതു സമൂഹവും കൂട്ടായി പരിശ്രമിക്കണം. എന്നാൽ മാത്രമേ നാട് വൃത്തിയാവുകയുള്ളൂ. ശുചിത്വ സമ്പൂർണ്ണമാവുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |