തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് എൽ.പി.എസിലെ ഭക്ഷ്യശാല സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി പുതിയ മെനുപ്രകാരമുള്ള ഭക്ഷണം പാകം ചെയ്യുന്നത് നേരിട്ട് വിലയിരുത്തി. എഗ് ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാംക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു.
എഗ് ഫ്രൈഡ് റൈസ്,വെജിറ്റബിൾ മോളി,പുതിന ചമ്മന്തി,സാലഡ്,പപ്പടം എന്നിവയായിരുന്നു ആദ്യദിനമായ ഇന്നലെ കോട്ടൺഹിൽ സ്കൂളിലെ മെനു. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി മെനു പരിഷ്‌കരിച്ചത്.
ഉച്ചഭക്ഷണത്തിനായി സ്‌കൂളുകളിൽ ഉപയോഗിക്കുന്ന ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്,ലെമൺ റൈസ്,വെജ് ബിരിയാണി,ടൊമാറ്റോ റൈസ്,കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും ഒന്ന് നൽകണം. ഒപ്പം വെജിറ്റബിൾ കറിയോ കുറുമയോ നൽകാം. ഒപ്പം പുതിന,ഇഞ്ചി,നെല്ലിക്ക,പച്ചമാങ്ങ എന്നിവയിലേതെങ്കിലും ചേർത്ത ചമ്മന്തിയും വിളമ്പാം. മൈക്രോ ഗ്രീൻസ് മാസത്തിൽ ഒന്നോ രണ്ടോ ദിവസം മെനുവിൽ ഉൾപ്പെടുത്തണം. സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള പപ്പായ,മുരിങ്ങയില,മത്തൻ,കുമ്പളങ്ങ,പയറുവർഗങ്ങൾ,വാഴക്കായ തുടങ്ങിയ പ്രാദേശിക പച്ചക്കറികൾ മെനുവിൽ ഉൾപ്പെടുത്തണം. മെനുവിൽ ഉൾപ്പെട്ട വിഭവങ്ങൾ ഏതൊക്കെ ദിവസങ്ങളിൽ നൽകാമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം.
ചില സ്‌കൂളുകൾ പുതിയ മെനു നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഭക്ഷണത്തിനുള്ള സർക്കാർ വിഹിതം വർദ്ധിപ്പിക്കാതെ പുതിയ മെനു നടപ്പാക്കുന്നതു ബുദ്ധിമുട്ടാണെന്നാണ് അദ്ധ്യാപകർ പറയുന്നത്.
......................................
കുട്ടികൾക്ക് പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി മാതൃകാപരമാണ്. എന്നാൽ ഉച്ചഭക്ഷണത്തിനുള്ള പണം സ്‌കൂളുകൾക്കു നൽകുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. കേന്ദ്രഫണ്ട് സമയത്തു ലഭിക്കാത്തതാണു പ്രശ്നം. എങ്കിലും പണം കൊടുക്കാതിരുന്നിട്ടില്ല.
മന്ത്രി വി.ശിവൻകുട്ടി.
സ്കൂൾ അവധി
മാറ്റത്തിന് വേണം
കെ.ഇ.ആർ ഭേദഗതി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അവധി മാറ്റത്തിന്
കെ.ഇ.ആർ ഭേദഗതി ആവശ്യം. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അദ്ധ്യായം ഏഴ് (ഒന്ന്) പ്രകാരമാണ് സ്കൂളുകളുടെ മദ്ധ്യവേനലവധി നിശ്ചയിച്ചിരിക്കുന്നത് . എല്ലാ സ്കൂളുകളും മദ്ധ്യവേനലവധിക്കായി മാർച്ച് അവസാനത്തെ പ്രവൃത്തി ദിനത്തിൽ അടയ്ക്കുകയും ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണമെന്നാണ് വ്യവസ്ഥ .
കനത്ത മഴയിലും കാലവർഷക്കെടുതികളിലും ജൂൺ, ജൂലായ് മാസങ്ങളിൽ അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രി അവധി മാറ്റം ചർച്ചയ്ക്ക് വച്ചത്. എന്നാൽ പ്രതിപക്ഷ അദ്ധ്യാപക സംഘടനകളും രക്ഷിതാക്കളിൽ വലിയൊരു വിഭാഗവും കുട്ടികളും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം ഏപ്രിൽ- മേയ് മാസങ്ങളിലാണ് സ്കൂൾ അവധി. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ മേയ്, ജൂൺ മാസങ്ങളിലും ജൂൺ- ജൂലായ് മാസങ്ങളിലുമാണ് അവധി നൽകുന്നത്.
കുട്ടികളുടെ കായിക വിനോദങ്ങളേയും കുടുംബ സമേതമുള്ള ഉല്ലാസയാത്രകളേയും ബാധിക്കുമെന്നതാണ് മഴക്കാലത്തെ അവധിക്കെതിരെ കൂടുതൽ എതിർപ്പിന് കാരണം. മഴക്കാലത്തുള്ള അവധിയിൽ കുട്ടികൾ മീൻപിടിക്കാനും മറ്റുമായി വെള്ളക്കെട്ടുകളിലേക്ക് പോകാനുള്ള സാദ്ധ്യയുണ്ടെന്ന ആശങ്കയും രക്ഷിതാക്കൾ പങ്കു വയ്ക്കുന്നു.
എയ്ഡഡ് സ്കൂളുകളിലെ നിയമനം;
കോടതി വിധി കാത്തലിക്
സ്കൂളുകൾക്ക് ബാധകമല്ല
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് സ്കൂളുകൾക്ക് അനുകൂലമായ സുപ്രീംകോടതി വിധി കാത്തലിക് സ്കൂൾസ് മാനേജ്മെന്റിനു കീഴിലുള്ള വിവിധ ഏജൻസികളുടെ സ്‌കൂളുകൾക്കു ബാധകമല്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |