വലിയ മീനുകളുടെ കടലായ ബോളിവുഡിൽ 500 കോടി കളക്ഷനുമായി പുതുമുഖ ചിത്രം 'സൈയ്യാര". വലിയ താര ചിത്രങ്ങൾ തകർന്നടിയുമ്പോഴാണ് മോഹിത് സൂരി സംവിധാനം ചെയ്ത 'സൈയ്യാര"യുടെ അപ്രതീക്ഷിത നേട്ടം. എടുത്തു പറയാൻ മുൻനിര താരങ്ങൾ ആരുമില്ല. പുതുമുഖതാരം അഹാൻ പാണ്ഡയും അനീത് പഡ്ഡയും ജോഡിയായി എത്തുന്നു. ബോളിവുഡിന്റെ പഴയ സമവാക്യങ്ങളെ മാറ്റിമറിക്കുന്ന 'സൈയ്യാര" പ്രണയിച്ചു തന്നെ ആഗോളതലത്തിലും ശ്രദ്ധനേടി. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായും മാറി. സൂപ്പർ താരങ്ങളുടെ പിറകെ പോകാതെ നല്ല കഥയിൽ ശ്രദ്ധവയ്ക്കുവെന്ന് 'സൈയ്യാര"യെ പ്രശംസിച്ച് വിഖ്യാത സംവിധായകൻ സുഭാഷ് ഘായ് വിശേഷിപ്പിച്ചു.
പ്രണയം , സംഗീതം
ശക്തവും ജീവിതഗന്ധിയും നിറഞ്ഞ റൊമാന്റിക് ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തി നേടിയ യഷ് രാജ് ഫിലിംസ്, സംവിധായകൻ മോഹിത് സൂരിയും ചേർന്ന ആദ്യ സിനിമയാണ് 'സൈയ്യാര". സംഗീതത്തിൽ അധിഷ്ഠിതമായി പ്രണയത്തിന് പ്രാധാന്യം നൽകുന്ന കഥ പറച്ചിലിന് ബോളിവുഡ് മുമ്പും ശീലിച്ചിട്ടുണ്ടെങ്കിലും വൈകാരിക രംഗങ്ങൾ, മികച്ച കഥാപരിസരം, അഭിനയ മികവ് ഇതൊക്കെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു എന്നതാണ് 'സൈയ്യാര"യെ മറ്റു ചിത്രങ്ങളിൽ നിന്ന് വേറിട്ടു നിറുത്തുന്നത്. ക്രിഷ് കപൂർ എന്ന ഗായകന്റെയും അയാളുടെ ജീവിതത്തിലേക്ക് വരുന്ന വാണിയുടെയും കഥയാണ് പ്രമേയം. അഹാന്റെയും അനീതിന്റെയും ഗംഭീര പ്രകടനവും വിജയത്തിന്റെ ഘടകങ്ങളിലൊന്നാണ്. നടൻ ചങ്കി പാണ്ഡെയുടെ സഹോദരനും ബിസിനസുകാരനുമായ ചിക്കി പാണ്ഡെയുടെയും എഴുത്തികാരി ഡീൻ പാണ്ഡെയുടെയും മകനാണ് അഹാൻ പാണ്ഡെ. 2024ൽ പുറത്തിറങ്ങിയ ആമസോൺ പ്രൈം വീഡിയോ പരമ്പരയായ 'ബിഗ് ഗേൾസ് ഡോണ്ട് ക്രൈ "ആണ് അനീത് പദ്ദയുടെ തുടക്കം. ബോളിവുഡ് സിനിമയിലേക്ക് അഹാനും അനീതിനും ഗംഭീര തുടക്കമാണ് 'സൈയ്യാര "നൽകിയത്.
പ്രമോഷൻ വേണ്ടരീതിയിൽ ഇല്ലായിരുന്നെങ്കിലും 'സൈയ്യാര'യുടെ വിജയത്തിന് മുഖ്യപങ്കു വഹിച്ചതും 'മൗത്ത് പബ്ലിസിറ്റിയാണ് ". ഒരു തവണ കണ്ടവർ രണ്ടും മൂന്നും തവണ വീണ്ടും എത്തി. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചു. ജൂലായ് 18ന് റിലീസ് ചെയ്ത ചിത്രം ആദ്യ മൂന്നു ദിവസത്തിനകം 100 കോടി കടന്നു. പതിനൊന്നാം ദിവസം 250 കോടിയും .
ഉറ്റുനോക്കി സിനിമാലോകം
ഈ വർഷം ബോളിവുഡിൽ പിറന്ന ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെയും റെക്കാഡ് മറികടന്നാണ് 'സൈയ്യാര"യുടെ അപ്രതീക്ഷിത മുന്നേറ്റം. വിക്കി കൗശൽ നായകനായ ഛാവ, അക്ഷയ് കുമാറിന്റെ ഹൗസ്ഫുൾ 5, അജയ് ദേവ്ഗണിന്റെ റെയ്ഡ് 2, ആമിർ ഖാന്റെ സിത്താരെ സമീൻ പർ എന്നീ ചിത്രങ്ങളാണ് ഹിറ്ര് ചാർട്ടിൽ. ഇതിൽ ഛാവ ഒഴികെ മറ്റു ചിത്രങ്ങളുടെ കളക്ഷൻ റെക്കാഡ് ഇതിനോടകം 'സൈയ്യാര" മറികടന്നു. 'സൈയ്യാര" മുന്നേറുമ്പോൾ പല ചിത്രങ്ങളുടെയും റിലീസ് മാറ്റിവച്ചു എന്നതും ശ്രദ്ധേയം. ബോളിവുഡിനു പുറമെ പല ഭാഷകളിലും വമ്പൻ ചിത്രങ്ങളെക്കാൾ വിജയിക്കുന്നതും പ്രേക്ഷകർ സ്വീകരിക്കുന്നതും ചെറു സിനിമളാണ്. അതിന്റെ തുടർച്ചയാണ് 'സൈയ്യാര'യുടെ തിളക്കവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |