കൊച്ചി: ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ നിന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന്റെ കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞു. ഇന്നലെ രാത്രി 8.45ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. 'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്.
'ഷൂട്ടിംഗ് സംഘം മൂന്ന് മുറികളാണ് എടുത്തിരുന്നത്. മറ്റുരണ്ട് മുറികളും ചെക്കൗട്ട് ചെയ്തിരുന്നു. 209ാം നമ്പർ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. അദ്ദേഹം ചെക്കൗട്ട് ചെയ്യാൻ വൈകിയപ്പോൾ സഹപ്രവർത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. മുറിയിൽ ചെന്നന്വേഷിക്കാനാണ് സഹപ്രവർത്തകർ പറഞ്ഞത്. ഇതനുസരിച്ച് റൂം ബോയ് മുറിയിലെത്തി ബെല്ലടിച്ചെങ്കിലും തുറന്നില്ല. ഡോർ ലോക്ക് ചെയ്തിരുന്നില്ല. വാതിൽ തുറന്ന് നോക്കിയപ്പോൾ നവാസ് തറയിൽ വീണുകിടക്കുന്ന നിലയിലായിരുന്നു. ഉടൻ പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ച് വിവരമറിയിച്ചു.
ഇവിടെനിന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കൈകൾ അനങ്ങുന്നുണ്ടായിരുന്നു. സിനിമാപ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്'- ഹോട്ടലുടമ വ്യക്തമാക്കി.കലാഭവൻ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണ്. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.
ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടെലിവിഷൻ പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |