ആലപ്പുഴ : രണ്ടാംകൃഷിയുടെ വിത അവസാനിച്ച് വളപ്രയോഗത്തിന്റെ സമയമായിട്ടും കഴിഞ്ഞ പുഞ്ച സീസണിലെ നെല്ലിന്റെ വില കിട്ടാതെ കർഷകർ. 533 കോടിയോളം രൂപയാണ് ഇനിയും കർഷകർക്ക് ലഭിക്കാനുള്ളത്. ഇതിൽ 33കോടി രൂപ കഴിഞ്ഞദിവസം സർക്കാർ അനുവദിച്ചെങ്കിലും ഇത് കർഷകരുടെ കൈയിലേക്കെത്താൻ ഇനിയും സമയമെടുക്കും.
കാലവർഷക്കെടുതിയുൾപ്പെടെ പ്രതികൂലസാഹചര്യങ്ങളിലും കടംവാങ്ങി രണ്ടാംകൃഷിയിറക്കിയ കർഷകർ വളപ്രയോഗത്തിനും കീടനാശിനിപ്രയോഗത്തിനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഓണത്തിന് കഷ്ടിച്ച് ഒരുമാസം ശേഷിക്കുമ്പോഴും തങ്ങൾ അദ്ധ്വാനിച്ച് സപ്ളൈകോയ്ക്ക് കൈമാറിയ നെല്ലിന്റെ പണം ഇനി എന്ന് ലഭ്യമാകുമെന്നറിയാതെ ആശങ്കയിലാണ് ഇവർ. നെൽവില ലഭിക്കുന്നതിനായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചെങ്കിലും പണം വേഗം ലഭ്യമാക്കുന്നതിന് കാര്യക്ഷമമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
1. നെൽവില ഇനത്തിൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയ തുക കാനറാ,എസ്.ബി.ഐ ബാങ്കുകൾക്ക് സർക്കാരിൽ നിന്ന് തിരികെ ലഭിക്കുന്നതിലുള്ള കാലതാമസമാണ് വിലവിതരണം നീളാൻ കാരണമെന്നാണ് ബാങ്കുകൾ നൽകുന്ന വിവരം
2. സർക്കാരിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക് അനുസരിച്ചേ പി.ആർ.എസ് പേയ്മെന്റ് നടത്താനാകൂവെന്ന നിലപാടിലാണവർ. മേയ് അവസാനം വിളവെടുപ്പ് പൂർത്തിയാക്കി സംഭരിച്ച നെല്ലിന്റെ വിലയാണ് ഇപ്പോഴും കൊടുത്തുതീർക്കാനുള്ളത്
3. കഴിഞ്ഞ കൃഷിയ്ക്ക് വാങ്ങിയ കടമുൾപ്പെടെ കൊടുത്തുതീർക്കാൻ കഴിയാതിരിക്കെയാണ് വീണ്ടും കടം വാങ്ങി വിത നടത്തിയത്. രാസവളവിലയിലും കൂലിയിലുമുള്ള വർദ്ധനയുൾപ്പെടെ പിടിച്ചുനിൽക്കാനാകാത്തവിധം കഷ്ടപ്പാടിലാണ് കർഷകർ.
ഒടുവിൽ അനുവദിച്ചത് 33 കോടി
(തുക കോടിയിൽ)
സംഭരിച്ച നെല്ല് .....................5.80 ലക്ഷം ടൺ
നെല്ലിന്റെ വില.......................1,644
കൊടുത്തത്..........................1110.65
കൊടുക്കാനുള്ളത് ................533.35
കുട്ടനാട്ടിൽ ലഭിക്കേണ്ടത്...109.50 കോടി
സർക്കാരിന്റെ അനാസ്ഥയാണ്നെൽവില വിതരണം വൈകുന്നതിന് കാരണം. കർഷക സംഘടനകളുടെ കോർ കമ്മിറ്റി തീരുമാന പ്രകാരം ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് ആലോചന
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |