തിരുവനന്തപുരം : സിനിമ നിർമ്മിക്കുന്നതിന് സ്ത്രീകൾക്കും ദളിത് വിഭാഗങ്ങൾക്കും സർക്കാർ നൽകുന്ന ഫണ്ടിനെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. പുതുമുഖങ്ങൾക്ക് ഒന്നരക്കോടി നൽകുന്നത് സർക്കാർ നഷ്ടമായി കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ സിനിമകൾക്ക് കൂടുതൽ പണം നൽകണമെന്നും അതൊരു തെറ്റായി കാണുന്നില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് 98 വർഷമായിട്ടിം സിനിമയിൽ മുഖ്യധാരയിൽ എത്താൻ കഴിഞ്ഞിട്ടില്ല. അവർക്ക് സഹായം നൽകും. കൂടുതൽ പണം നൽകുമ്പോൾ ലാഭം ഉണ്ടാകും. കേരളത്തിലെ തലയെടുപ്പുള്ള സംവിധായകർ അവരുടെ സിനിമ സ്ക്രീനിംഗ് ചെയ്യും. സ്ത്രീകൾക്കും അതേ പരിഗണന നൽകും. ഒന്നരക്കോടി എടുത്തവർ തന്നെ വെള്ളം കുടിച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുക മൂന്നായി വീതിക്കാൻ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ സിനിമാ ധനസഹായം സിനിമാ നയത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു, ശ്രീകുമാരൻ തമ്പിയുടെ ഹേമ കമ്മിറ്റി പരാമർശത്തിലും സജി ചെറിയാൻ മറുപടി നൽകി. ഹേമ കമ്മിറ്റിയിൽ പരാതി ഉന്നയിച്ചവർക്ക് പൂർണ സംരക്ഷണം കൊടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയിലെ മാറ്റങ്ങൾ കൂട്ടായി ചർച്ച നടത്തും. ജൂനിയർ ആർട്ടിസ്റ്റുകളുടെ തൊഴിൽ സുരക്ഷിതത്വം ഗൗരവമായ വിഷയമായി കാണുന്നു. കൃത്യമായ വേതനം, വിശ്രമം, ഭക്ഷണം, ജോലി സമയം തുടങ്ങിയവയിൽ ഇടപെടൽ ഉണ്ടാകണം. ഭക്ഷണത്തിൽ തരംതിരിവ് ഉള്ളതായി ബോദ്ധ്യപ്പെട്ടു. ഈ വിഷയം സിനിമാ നയത്തിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |