തിരുവനന്തപുരം:എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന് (പഴയ എ.കെ.ജി സെന്റർ) വേണ്ടി കേരള സർവകലാശാലയുടെ ഭൂമി കൈയ്യേറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ കൊണ്ടുവരാൻ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മലിന്റെ നീക്കം. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ കൈവശമുള്ള എല്ലാ രേഖകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനികാപ്പനോട് വി.സി നിർദ്ദേശിച്ചിട്ടുണ്ട്.
രാജ് ഭവനുമായുള്ള സർക്കാരിന്റെ അസ്വാരസ്യം തുടരുന്നതിനിടെ ഭൂമി കൈയേറ്റ ആരോപണത്തിന്റെ തുടർ നടപടികൾ കടുപ്പിക്കാനുള്ള നീക്കമാണ് ഗവർണറും വി.സിയും നടത്തുന്നത്.
ഭൂമി പ്രശ്നത്തിൽ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഗവർണർ വി.സിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ രേഖകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനിയോട് വി.സി ആവശ്യപ്പെട്ടിട്ടുള്ളത്. എത്ര സ്ഥലം കൈമാറിയിട്ടുണ്ട്, സർവകലാശാലയ്ക്ക് ഇതിലൂടെ നഷ്ടമുണ്ടായിട്ടുണ്ടോതുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകളാവും സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കുക.
പഴയ എ.കെ.ജി സെന്റർ പണിതിട്ടുള്ള 55 സെന്റ് സ്ഥലത്തിൽ 40 സെന്റും കൈയേറിയതാണെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാണെന്ന് കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി പരാതി നൽകിയിട്ടുള്ളത്. പകുതിയിലേറെ ഭൂമിയും ഇപ്പോഴും റവന്യു രേഖകളിൽ സർക്കാർ പുറമ്പോക്ക് ഭൂമിയായതിനാൽ അതിന് നികുതി അടച്ചിട്ടില്ലെന്നും സർവേ വകുപ്പിൽ നിന്നും വഞ്ചിയൂർ വില്ലേജ് ഓഫീസിൽ നിന്നും രേഖകൾ ലഭിച്ചതായും കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു .എ.കെ.ജിയുടെ പേരിൽ പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 1977 ആഗസ്റ്റിൽ 15 സെന്റ് ഭൂമി അനുവദിച്ചത്. എന്നാൽ ഇപ്പോൾ ഈ കെട്ടിടം നിൽക്കുന്നത് 55 സെന്റ് ഭൂമിയിലാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |