കൊടുങ്ങല്ലൂർ: മനുഷ്യാവകാശ,പരിസ്ഥിതിപ്രവർത്തകനായ പുല്ലൂറ്റ് നീലക്കാംപാറ വെളുത്തായിത്തറ ഭാസ്‌കരൻ മകൻ വി.ബി. അജയകുമാർ (49) അന്തരിച്ചു. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂയോർക്ക് ആസ്ഥാനമായ അലയൻസ് ഒഫ് ക്ലൈമറ്റ് ഫ്രണ്ട്‌ലൈൻ കമ്മ്യൂണിറ്റീസിന്റെ അന്താരാഷ്ട്ര കൺവീനറും ദളിത്,ആദിവാസി,പാർശ്വവത്കൃത സമൂഹങ്ങൾക്കായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന എൻ.ജി.ഒയുടെ സ്ഥാപകനുമാണ്. യുണൈറ്റഡ് നേഷൻസ് ഫോറം ഓൺ ബിസിനസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് 2024 സെപ്തംബറിൽ ബാങ്കോക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിച്ചിരുന്നു.
യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് 2023 ഒക്ടോബറിൽ ശ്രീലങ്കയിൽ സംഘടിപ്പിച്ച അഞ്ചാമത് ഫോറം ഒഫ് മിനിസ്റ്റേഴ്സ് ആൻഡ് എൻവയൺമെന്റ് അതോറിട്ടിസ് ഒഫ് ഏഷ്യ പസഫികിൽ പ്രഭാഷകനായിരുന്നു. നർമ്മദ ബച്ചാവോ ആന്ദോളൻ,പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിരവധി യു.എൻ സമ്മേളനങ്ങളിൽ പാർശ്വവത്കൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം ചർച്ചചെയ്ത സമ്മേളനങ്ങളിൽ ക്ഷണിതാവായിരുന്നു. 2018ലെ പ്രളയകാലത്ത് ദളിത്,ആദിവാസി,തീരദേശമേഖലകളിലെ വിദ്യാർത്ഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി.
ഉച്ചയോടെ നീലക്കാംപാറയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ റവന്യുമന്ത്രി കെ.രാജൻ,സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ,മുൻമന്ത്രി വി.എസ്.സുനിൽകുമാർ,എം.എൽ.എമാരായ ഇ.ടി.ടൈസൺ,വി.ആർ.സുനിൽകുമാർ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. സംസ്‌കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ മുൻസിപ്പൽ ശ്മശാനത്തിൽ നടന്നു. അമ്മ:ദേവി. ഭാര്യ:സിനി. മക്കൾ:നിരഞ്ജന,നീലാഞ്ജന (ഇരുവരും വിദ്യാർത്ഥികൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |