തിരുവനന്തപുരം: താൻ സമർപ്പിച്ച സിനിമാ നയത്തിൽ സർക്കാർ നടപടി എടുത്തിട്ടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമ പ്രദർശനത്തിന് നിബന്ധന വയ്ക്കുന്ന തിയേറ്ററുകാരെ നിലയ്ക്കുനിറുത്താൻ സർക്കാരിന്റെ നേതൃത്വത്തിൽ റെഗുലേറ്ററി ബോഡി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
99% മികച്ച രീതിയിൽ ഉയർന്നുവന്ന കോട്ടയത്തെ കെ.ആർ നായരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ സമരം നടത്തി നശിപ്പിച്ചു. അവിടെ നടന്നത് വൃത്തികെട്ട സമരമാണ്. താനും ശങ്കർ മോഹനും മെച്ചപ്പെടുത്തിയെടുത്ത സ്ഥാപനം പിന്നാക്കം പോയി. മലയാള ടെലിവിഷനിൽ കാണാൻ കൊള്ളാവുന്നതൊന്നുമില്ല. 'ഉള്ളൊഴുക്ക്' എന്ന സിനിമ കേരളത്തിൽ തഴയപ്പെട്ടുവെന്നും അടൂർ പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോർട്ട്: സർക്കാരിനെ വിമർശിച്ച് ശ്രീകുമാരൻ തമ്പി
ഹേമ കമ്മിറ്റി റിപ്പോർട്ട് എവിടെയെന്നും ഈ കമ്മിറ്റിക്കായി സർക്കാർ മുടക്കിയ പണം എവിടെ പോയെന്നും മുഖ്യാതിഥിയായ ശ്രീകുമാരൻ തമ്പി ചോദിച്ചു. മൊഴി നൽകിയവരെല്ലാം കേസു വരുമെന്നായപ്പോൾ പിൻവലിഞ്ഞു. ഹേമ കമ്മിറ്റിക്കു ഖജനാവിലെ പണം ചെലവിട്ടതു വഴി എന്തു പ്രയോജനം കിട്ടി? തുടക്കം സത്യമാണെങ്കിൽ ഒടുക്കവും സത്യമാകണമെന്നു ശ്രീകുമാരൻ തമ്പി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് എവിടെയും പോയിട്ടില്ലെന്നും അതിന്റെ ഫലമായാണ് കോൺക്ലേവ് നടത്തിയതെന്നും മന്ത്രി സജി ചെറിയാൻ മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |