ബാഴ്സലോണ: പാസ്‌പോർട്ടിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് മകനെ വിമാനത്താവളത്തിൽ തനിച്ചാക്കി ദമ്പതികൾ യാത്ര നടത്തിയതായി റിപ്പോർട്ട്. ബാഴ്സലോണയിലെ ജോസെപ് ടാരഡെല്ലസ് ബാഴ്സലോണഎൽ പ്രാറ്റ് വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നതെന്നാണ് ആന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പാനിഷ് പാസ്‌പോർട്ട് കാലഹരണപ്പെട്ടതായും ആവശ്യമായ വിസ ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് മകനെ തനിച്ചാക്കി അവർ യാത്ര തുടർന്നത്.
ലിലിയൻ എന്ന് സ്വയം പരിചയപ്പെടുത്തിയ എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരി ഇതുസംബന്ധിച്ച് ടിക് ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്പാനിഷ് പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനാലും യാത്ര ചെയ്യാൻ വിസ ഇല്ലാത്തതിനാലും പത്ത് വയസുകാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് ലിലിയൻ പറഞ്ഞു.
'അവന്റെ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിച്ചിരുന്നു. സ്പാനിഷ് പാസ്‌പോർട്ടിലാണ് കുട്ടി യാത്ര ചെയ്തത്, എന്നാൽ സ്പാനിഷ് പാസ്‌പോർട്ടിന് വിസ ആവശ്യമായിരുന്നു. വിസ ഇല്ലാത്തതിനാൽ, കുട്ടിയെ ടെർമിനലിൽ തനിച്ചാക്കി അവർ യാത്ര തുടർന്നു. ഒരു ബന്ധുവിനെ വിളിച്ച് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനും അവർ ആവശ്യപ്പെട്ടു. കുട്ടി വിമാനത്താവളത്തിൽ തനിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു ജീവനക്കാരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പൊലീസ് വിവരങ്ങൾ ചോദിച്ച് മനസിലാക്കിയപ്പോഴാണ് മാതാപിതാക്കൾ അവധിക്കാലം ആഘോഷിക്കാൻ വിമാനയാത്ര നടത്തിയെന്ന് മനസിലായത്. ഉടൻ തന്നെ പൊലീസ് പൈലറ്റുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. ആരെങ്കിലും കുട്ടിയെ ഉപേക്ഷിച്ചു പോയിട്ടുണ്ടോ എന്ന് പൈലറ്റ് യാത്രക്കാരോട് ചോദിച്ചെങ്കിലും ആദ്യം മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് മാതാപിതാക്കളെ തിരിച്ചറിയുകയും അവർ ഇളയ കുട്ടിയുമായി യാത്ര ചെയ്യുന്നതായി കണ്ടെത്തുകയും ചെയ്തു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കുട്ടിയെ കൈമാറി'- ലിലിയൻ പറഞ്ഞു.
രേഖകളുടെ പ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിയാത്ത മകനെ ടെർമിനലിൽ ഉപേക്ഷിക്കാൻ അവർക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ലിലിയൻ ചോദിക്കുന്നു. അവർ ബന്ധുവിനെ വിളിച്ചെന്ന് പറയുന്നു, എന്നാൽ ആ ബന്ധു എത്ര മണിക്കൂർ കഴിഞ്ഞാണ് എത്തുകയെന്ന് അവർക്ക് അറിയില്ലേ? അവർ എങ്ങനെ ശാന്തമായി വിമാനത്തിൽ യാത്ര ചെയ്തു?-ലിലിയൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |