ഉന്നത വിദ്യാഭ്യാസം നേടുവാനായി വിദേശ സര്‍വകലാശാലകളിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വലിയ തോതില്‍ കൂടുന്നതിനാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഈ പ്രവണതയില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് പറയുകയാണ് സോഹോ കോര്‍പ്പറേഷന്‍ സഹസ്ഥാപകനായ ശ്രീധര്‍ വെമ്പു. ഉന്നത് വിദ്യാഭ്യാസത്തിനായി അമേരിക്കയിലെ ഉള്‍പ്പെടെ സര്‍വകലാശാലകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് വര്‍ദ്ധിച്ച് വരികയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
വിദേശ വിദ്യാഭ്യാസത്തിനായി വലിയ തുക വായ്പയെടുക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ സൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ പോലും ബിരുദ വിദ്യാഭ്യാസത്തിനായി വലിയ തുക വായ്പയെടുക്കുന്നത് അത്ര നല്ല പദ്ധതിയാകില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഐടി മേഖലയില്‍ ഉള്‍പ്പെടെ തൊഴില്‍ സാദ്ധ്യകള്‍ വളരെ ശുഷ്‌കമാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് തന്നെ വായ്പയെടുത്ത് വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ബാദ്ധ്യതയുണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്.
പ്രശസ്തമല്ലാത്ത സര്‍വകലാശാലകളില്‍ പഠനത്തിന് പോലും അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ 12 ശതമാനം വരെ പലിശ നല്‍കിയാണ് 70 ലക്ഷം വരെ വായ്പയെടുക്കുന്നത്. ഈ നിരക്കില്‍ വായ്പയെടുത്ത ഒരു വിദ്യാര്‍ത്ഥിയുടെ അനുഭവം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ തൊഴില്‍ വിപണി വളരെ മോശമായതിനാല്‍ ജോലി ലഭിക്കാത്ത സാഹചര്യമാണ് ഉളളത്. എ.ഐ യുഗത്തിനായി സോഹോ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ നിയമനങ്ങള്‍ കമ്പനി നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദേശത്തോ ഇന്ത്യയ്ക്കുള്ളിലോ ബിരുദങ്ങള്‍ക്കായി വലിയ വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നതിന്റെ അപകട സാധ്യതകള്‍ പരിശോധിക്കണമെന്നും വെമ്പു ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ പേരില്‍ യുവാക്കള്‍ കടക്കെണിയിലാകാന്‍ ഇടവരരുത്. തൊഴിലുടമകളുടെ ധനസഹായത്തോടെയുള്ള പരിശീലന പരിപാടികള്‍ കൂടുതലായി അവതരിപ്പിക്കേണ്ടതുണ്ട്. പരമ്പരാഗത കോഴ്‌സുകള്‍ക്ക് പകരം അതിവേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന വ്യവസായ ആവശ്യകതയ്ക്ക് അനുസരിച്ചുളള ബദല്‍ യോഗ്യതകള്‍ ഉദ്യോഗാര്‍ത്ഥികള്‍ ആര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |