തിരുവനന്തപുരം: പൊതുവിപണിയിൽ വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയും കടന്ന് കുതിക്കുമ്പോൾ അതിന് തടയിടാൻ സർക്കാർ ഇടപെടൽ. ഓണക്കാലത്ത് റേഷൻ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ ലിറ്ററിന് 349 രൂപയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാക്കും. ആഗസ്റ്റിലും സെപ്തംബറിലുമായി ഓരോ ലിറ്റർ വീതമാണ് വിതരണം.
ആദ്യ ഒരു ലിറ്ററിന്റെ വിതരണം ഈ മാസം 10ന് തുടങ്ങും. ഈ മാസാവസാനംവരെ വാങ്ങാം. സെപ്തംബർ ഒന്നുമുതൽ അടുത്ത ഒരു ലിറ്ററിന്റെ വിതരണം. ഓണം ഫെയറുകളിൽ നിന്നും ഇത് വാങ്ങാം. ഇതിനു പുറമെ സബ്സിഡിയില്ലാതെ ലിറ്ററിന് 429 രൂപ നിരക്കിൽ ആവശ്യത്തിന് വെളിച്ചെണ്ണയും സപ്ലൈകോയിൽ ലഭ്യമാക്കും. ശബരി ബ്രാൻഡിലാണ് വില്പന. ഇതിനായി സപ്ലൈകോയ്ക്ക് ഉണ്ടാകുന്നത് 13 കോടിയുടെ അധിക ബാദ്ധ്യത.
കഴിഞ്ഞ മാസം വിളിച്ച ടെൻഡറിലൂടെയാണ് ഓണക്കാലത്തേയ്ക്ക് ആവശ്യമായ വെളിച്ചെണ്ണ സമാഹരിച്ചത്. കേരഫെഡ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പൊതുവിപണിയിൽ
വില കുറയും
സർക്കാർ ഇടപെടൽ കാര്യക്ഷമമാകുന്നതോടെ ഓണക്കാലത്ത് പൊതുവിപണിയിൽ വെളിച്ചെണ്ണ വില കുറഞ്ഞേക്കും. കേരഫെഡിന്റെ 'കേര' എണ്ണയ്ക്ക് 13-21%വരെ വിലക്കിഴിവ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഏർപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള വെളിച്ചെണ്ണ വരവ് വർദ്ധിച്ചതും വിലകുറയാൻ ഇടയാക്കും.
1630
സപ്ലൈകോ ഔട്ട്ലെറ്റുകൾ
95,14,127
റേഷൻ കാർഡ് ഉടമകൾ
''വെളിച്ചെണ്ണ വില കുറയ്ക്കാൻ സഹായിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്
-ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |