കൊല്ലം: കൊട്ടാരക്കര ഗാന്ധിമുക്കിൽ വൃദ്ധയായ റിട്ട.അദ്ധ്യാപികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയൽവാസി അറസ്റ്റിൽ. ഗാന്ധിമുക്ക് മൈത്രി നഗർ കൃഷ്ണ നിവാസിൽ സരസമ്മയ്ക്കാണ് (78) മർദ്ദനമേറ്റത്. മൈത്രി നഗർ പൗവ്വത്ത് പുത്തൻവീട്ടിൽ ശശിധരനെ (70) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സരസമ്മയുടെ തലയിൽ നാല് തുന്നലുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. വീടിന് മുന്നിലെ വഴി ശശിധരന്റെ കുടുംബം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം വഴക്കുണ്ടാകാറുണ്ട്. തിങ്കളാഴ്ച വഴക്കുണ്ടായപ്പോൾ ശശിധരൻ പ്രകോപിതനായി സരസമ്മയുടെ വീട്ടിലേക്ക് പാഞ്ഞെത്തി. ഈ സമയം സരസമ്മ വടിയുമായി സിറ്റൗട്ടിലേക്കിറങ്ങിയതോടെ വടി പിടിച്ചുവാങ്ങി ശശിധരൻ തലങ്ങും വിലങ്ങും അടിച്ചു. തൊഴിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തുനിറുത്തിയും അടിച്ചു. തറയിൽ വീണ സരസമ്മയെ വീണ്ടും മർദ്ദിച്ച ശേഷം കാലിൽപിടിച്ച് പടവുകളിൽ കൂടി പുറത്തേക്ക് വലിച്ചിഴച്ചു. മുറ്റത്തിട്ടും മർദ്ദനം തുടർന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് സരസമ്മയെ രക്ഷപ്പെടുത്തിയത്.
സരസമ്മയുടെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് ശശിധരനെ അറസ്റ്റ് ചെയ്തത്. സരസമ്മയ്ക്ക് തലയ്ക്കും കൈയ്ക്കും പുറത്തുമടക്കം പരിക്കേറ്റു. ഭർത്താവിന്റെ മരണത്തോടെ സരസമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കേന്ദ്ര സേനയുടെ ഭാഗമായിരുന്ന മകൻ എറണാകുളത്തും തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരനായ മറ്റൊരു മകൻ തിരുവനന്തപുരത്തുമാണ് താമസം.
വീടുകയറി ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവയടക്കം അഞ്ച് പ്രധാന വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |