തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയുടെ കുറ്റസമ്മതത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ പ്രതി ബെഞ്ചമിന്‍ അതിക്രമിച്ച് കടന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ ഇവിടെ എത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ കയറുന്നതിനു മുന്‍പ് സമീപത്തെ രണ്ടു വീടുകളുടെ മുന്നില്‍ ഇരുന്ന ഹെഡ് സെറ്റും തൊപ്പിയും കുടയും മോഷ്ടിച്ചു. സിസിടിവിയില്‍ മുഖം പതിയാതിരിക്കാന്‍ കുട ഉപയോഗിച്ച് മറച്ചാണ് ഇയാള്‍ ഹോസ്റ്റലില്‍ എത്തിയത്.
മധുര സ്വദേശിയായ പ്രതി സ്വന്തം ലോറിയിലാണ് കേരളത്തില്‍ ചരക്ക് എത്തിക്കുന്നത്. എവിടെയാണോ ലോറി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കുന്നത്, അതിന് സമീപത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സമാനമായ രീതിയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ എത്തിയതും. സ്ത്രീകളെ ഉപദ്രവിക്കുന്നതും ബെഞ്ചമിന്റെ പതിവ് സ്വഭാവമാണ്. നാട്ടില്‍ ഒന്നിലധികം പെണ്‍സുഹൃത്തുക്കളുമായി ബന്ധമുള്ള ഇയാള്‍ വഴിയോരത്ത് കിടന്നുറങ്ങുന്ന സ്ത്രീകളെ പോലും ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പീഡനത്തിന് ശേഷം ഇയാള്‍ നേരെ പോയത് പെണ്‍സുഹൃത്തുക്കളില്‍ ഒരാളുടെ അടുത്തേക്കാണ്. ഇവര്‍ക്കൊപ്പം കഴിയുമ്പോഴാണ് ബെഞ്ചമിന്‍ പിടിയിലായത്. അതിസാഹസികമായാണ് കേരള പൊലീസ് പിടികൂടിയത്. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെ കേരള പൊലീസ് കീഴടക്കിയത് ലോക്കല്‍ പൊലീസിന്റെ സഹായം പോലും തേടാതെയാണ്. മധുരയില്‍ പുലര്‍ച്ചെ എത്തിയ സംഘം വളരെ രഹസ്യമായിട്ടാണ് നീക്കങ്ങള്‍ നടത്തിയത്.
പ്രതിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ലോറിയുടെ നമ്പര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളുടെ വിലാസവും ഫോണ്‍ നമ്പറും സംഘടിപ്പിച്ചു. ലോറി ബെഞ്ചമിന്റെ സ്വന്തമായിരുന്നതിനാല്‍ പ്രതിയുടെ വിവരങ്ങളെല്ലാം ലഭിച്ചു. മധുരയിലേക്കു തിരിച്ച ഡാന്‍സാഫ് സംഘം സൈബര്‍ സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പുലര്‍ച്ചെ നാലു മണിയോടെയാണ് പൊലീസ് സംഘം നാഗമലൈ പുതുക്കോട്ടയില്‍ എത്തിയത്. പരിശോധനയില്‍ ഒറ്റപ്പെട്ട സ്ഥലത്തു പാര്‍ക്ക് ചെയ്തിരുന്ന ലോറി കണ്ടെത്തി. എന്നാല്‍ ബെഞ്ചമിന്‍ ലോറിയില്‍ ഉണ്ടായിരുന്നില്ല. സമീപത്തെ വീട്ടിലുണ്ടായിരുന്ന ബെഞ്ചമിന്‍ പരിചയമില്ലാത്ത ആളുകളെ കണ്ടതോടെ രക്ഷപ്പെടാനായി ഓടുകയായിരുന്നു. എന്നാല്‍ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് കേരള പൊലീസ് ഇയാളെ പിടികൂടി. എസ്‌ഐമാരായ വിനോദ്, മിഥുന്‍, അരുണ്‍, വിനീത്, വിനോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ബെഞ്ചമിനെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |