ന്യൂഡൽഹി : ജമ്മു കാശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക് (79) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്‌ക്ക് 1.10നായിരുന്നു അന്ത്യം. പ്രമേഹം, വൃക്കരോഗം, കടുത്ത രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാൽ ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിലെ ബാഗ്പതിൽ നിന്നുള്ള ജാട്ട് നേതാവാണ് സത്യപാൽ മാലിക്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. 1947ൽ ഭാരതീയ ക്രാന്തി ദൾ പാർട്ടിയിൽ നിന്ന് എം.എൽ.എയായി. രാജ്യസഭാ എം.പിയും ജനതാദൾ പാർട്ടിയിൽനിന്ന് ലോക്സഭാ എം.പിയുമായി. കോൺഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടർന്ന് സമാജ്‌വാദി പാർട്ടിയിലേക്കും സത്യപാൽ മാറി.
ഗോവ, ബീഹാർ, ഒഡീഷ, മേഘാലയ എന്നിവിടങ്ങളിലും ഗവർണറായി പ്രവർത്തിച്ചു. 2018 ആഗസ്റ്ര് മുതൽ 2019 ഒക്ടോബർ വരെയാണ് ജമ്മു കാശ്മീർ ഗവർണറായിരുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് ജമ്മു കാശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതും ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചതും. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ, ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർ അനുശോചിച്ചു.
'പുൽവാമ" പരാമർശം
മുതൽ വിവാദങ്ങളും
ആർട്ടിക്കിൾ 370 റദ്ദാക്കി ആറ് വർഷം പൂർത്തിയായ ദിവസമാണ് അദ്ദേഹത്തിന്റെ അന്ത്യം.
2019ൽ പുൽവാമ ആക്രമണം നടന്ന കാലയളവിൽ ജമ്മു കാശ്‌മീർ ഗവർണറായിരുന്നു അദ്ദേഹം. കാശ്‌മീരിൽ കൂടുതൽ സുരക്ഷാ സന്നാഹമൊരുക്കണമെന്ന തന്റെ ആവശ്യം നിരാകരിക്കപ്പെട്ടിരുന്നുവെന്ന്, പദവിയൊഴിഞ്ഞ ശേഷം മാലിക് ഒരു അഭിമുഖത്തിൽ പറഞ്ഞത് വൻ വിവാദമായി. മോദി സർക്കാരിനെ നാണംകെട്ട സർക്കാരെന്ന് കുറ്റപ്പെടുത്തി. മേഘാലയ ഗവർണറായിരുന്ന സമയത്ത് കർഷക സമരത്തിന് അനുകൂലമായി നിലപാടെടുത്തു. ജമ്മു കാശ്‌മീരിലെ കിരു ജലവൈദ്യുത പദ്ധതിയിൽ അഴിമതിയോരാപിച്ച് സത്യപാൽ മാലിക് അടക്കം ഏഴു പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |