കോട്ടയം: പാലാരിവട്ടം പാലം അഴിമതി യു.ഡി.എഫിനെതിരെ മൂർച്ചയുള്ള ആയുധമാക്കി മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിയെ വെട്ടിലാക്കാൻ കിഫ്ബിയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേർക്കുനേർ പോരാടി നിൽക്കെ പാലാ ഉപതിരഞ്ഞെടുപ്പിന് ആവേശകരമായ കലാശക്കൊട്ട്.
മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം.എം. മണിയും ഒരു വശത്തും ചെന്നിത്തലയെ പിന്തണച്ച് ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും മറുവശത്തും നിരന്നതോടെ മീനച്ചിലാറിൻ തീരത്തെ പരസ്യ പ്രചാരണ സമാപനം അഴിമതി ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങി. ഇന്ന് ശ്രീനാരായണ ഗുരു സമാധി ആയതിനാലാണ് ഇന്നലെ കലാശക്കൊട്ട് നടത്താൻ മുന്നണികൾ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് ആറു വരെ പരസ്യ പ്രചാരണത്തിന് സമയമുണ്ട്.
മുഖ്യമന്ത്രി പങ്കെടുത്ത അവസാന പൊതുസമ്മേളനവും ഇന്നലെ കലാശക്കൊട്ടിന് ശേഷമാണ് നടന്നത്. വോട്ടർമാരെ പിടിച്ചു നിറുത്താൻ പര്യാപ്തമായ പ്രചാരണ വിഷയങ്ങളില്ലാതെ തണുത്തുറഞ്ഞ ആദ്യ ദിനങ്ങൾക്കൊടുവിലാണ് അഴിമതിയെന്ന വജ്രായുധം ഇരു മുന്നണികളും പയറ്റിയത്. ബി.ജെ.പിയും ഒടുവിൽ ഇതിൽ തന്നെ കയറിപ്പിടിച്ചു. വിഷയം വോട്ടെടുപ്പ് നടക്കുന്ന 23 വരെ സജീവമാക്കി നിറുത്താനാണ് മുന്നണികളുടെ നീക്കം.
പാലാരിവട്ടം അഴിമതിയിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് കുരുക്ക് മുറുകുന്നത് ചൂണ്ടിക്കാട്ടി, 'തെറ്റു ചെയ്യുന്നവർ എത്ര ഉന്നതരായാലും അന്വേഷണ സംവിധാനത്തിന് ഒരു കൂച്ചുവിലങ്ങുമില്ല. ഇവർക്ക് ജയിലിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരും' എന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. ലാവ്‌ലിൻ കേസിൽ പ്രതിസ്ഥാനത്തുള്ള പിണറായിക്കാണ് ജയിലിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരികയെന്ന് തിരിച്ചടിച്ചു ചെന്നിത്തല. അഴിമതി വിരുദ്ധ പ്രസംഗം ചെകുത്താൻ വേദമോതുന്നതു പോലെയാണെന്നും പരിഹസിച്ചു.
പാലാരിവട്ടം അഴിമതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിപക്ഷം ബേജാറാകുന്നത് എന്തിനെന്നായിരുന്നു ഇതിന് കോടിയേരിയുടെ മറുചോദ്യം. കിഫ്ബിക്ക് കീഴിലെ കെ.എസ്.ഇ.ബി പദ്ധതികളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണമാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഉന്നയിച്ചത്. കിഫ്ബി, കിയാൽ ഓഡിറ്റിൽ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നതെന്ന് ചോദിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയും സർക്കാരിനെതിരെ വെടിയുതിർത്തു.
പാലാരിവട്ടം അഴിമതിയിൽ പങ്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനഃസാക്ഷിയുടെ കരുത്തിലാണ് ഇത് പറയുന്നത്. കേസിൽ ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക്, രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം വിലപ്പോകില്ലെന്നായിരുന്നു മറുപടി.
അഴിമതി നടത്തിയതിന് സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായി ആയിരിക്കുമെന്ന് പറഞ്ഞാണ് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പാലായിൽ അഴിമതി തന്നെ അവസാന ലാപ്പിൽ ആയുധമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |